Monday, January 2, 2012

മുല്ലപെരിയാര്‍ ഡാം : വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും 


  1895ല്‍ നിര്‍മിച്ച മുല്ലപെരിയാര്‍ ഡാമിന്റെ ലക്ഷ്യം തന്നെ തമിഴ്നാട്ടിലെ വലിയൊരു ഭൂ പ്രദേശത്തെ കൃഷിയോഗ്യമാക്കുവാന്‍ വെള്ളമെത്തിക്കുക എന്നതായിരുന്നു .
999  വര്‍ഷത്തേക്കുള്ള പാട്ടകരാര്‍   29.10.1886ല്‍ ആണ്  തിരുവിതാംകൂര്‍  മഹാരാജാവും ബ്രിട്ടീഷ്‌  ഇന്ത്യയുടെ സ്റ്റേറ്റ് സെക്രടറിയും ചേര്‍ന്ന് ഒപ്പ് വയ്ക്കുന്നത് .1970ല്‍ ജലസേചനത്തിനു പുറമേ വൈദ്യുതി ഉത്പാദിപ്പിക്കാനും തമിഴ്നാടിനു അനുമതി നല്‍കുന്നു.

   പിന്നീടിന്നുവരെ സംഭവിച്ചതെല്ലാം തമിഴ്നാടിന് അനുകൂലമായിരുന്നു എന്ന് പറയേണ്ടിവരും .1979-ഓടെയാണ്  അണക്കെട്ടിന്റെ  ബലക്ഷയത്തെ കുറിച്ചും അപകടാവസ്ഥയെക്കുറിച്ചും ഉത്കണ്ഠയും ചര്‍ച്ചയും ഉയരുന്നത്.കേന്ദ്രവും ഇരു സംസ്ഥാനങ്ങളും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടെയിരുന്നു.തമിഴ്നാടിന്റെ അശാസ്ത്രീയമായ ബലപ്പെടുത്തല്‍ ശ്രമങ്ങള്‍ ഡാമിനെ കൂടുതല്‍ ക്ഷയിപ്പിച്ചു.


27.02 .2006ലെ സുപ്രീം  കോടതി വിധി  ഡാം സുരക്ഷിതമാണെന്നും ആയതിനാല്‍ ജലനിരപ്പ്‌  136ല്‍   നിന്നും 142 അടി  ആയി ഉയര്‍ത്താമെന്നും ആയിരുന്നു..ഈ തോല്‍വി, വിജയിക്കുന്നതിന്നായി   എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കേരളത്തെ പ്രേരിപ്പിച്ചു.
'മുല്ലപെരിയാര്‍ സെല്‍ '   അത്തരത്തില്‍ ഒരു തുടക്കമായിരുന്നു .പരമേശ്വരന്‍ നായര്‍ ചെയര്‍മാനായും  മേഖലയിലെ വിദഗ്ദ്ധര്‍  അംഗങ്ങളുമായുള്ള സെല്‍ , മുല്ലപെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുന്നതിലും തരംതിരിച്ചു അവതരിപ്പിക്കുന്നതിലും  വിജയിക്കുന്നിടത്താണ്  കേസുകളിലും കേരളം വിജയം കണ്ടു തുടങ്ങുന്നത്.മുല്ലപെരിയാര്‍ സെല്‍ രൂപീകരിക്കുന്നതില്‍ മുല്ലപ്പെരിയ്യര്‍ വിഷയത്തില്‍ കേരളത്തിനനുകൂലമായ ചലനങ്ങള്‍  ഉണ്ടാക്കുന്നതില്‍ അന്നത്തെ മുഖ്യമന്ത്രി വി .എസ് .അച്യുതാനന്ദനും ജലവിഭവ മന്ത്രി എന്‍ .കെ . പ്രേമചന്ദ്രനും (2006 എല്‍ ഡി  എഫ്  സര്‍ക്കാര്‍ ) വഹിച്ച പങ്ക്‌  സ്തുത്യര്‍ഹമാണ്. .   
'മുല്ലപെരിയാര്‍ സമരസമിതി' സമര പരിപാടികളുമായി ജനമധ്യത്തിലേക്ക്  വന്നത് ഇത് സാധാരണക്കാരന്റെ  മാത്രം പ്രശ്നമാണെന്ന് കേരളത്തെ പഠിപ്പിച്ചു.ഒടുങ്ങാത്ത പോരാട്ട വീര്യത്തോടെ അവഗനനകളെയും എതിര്‍പ്പുകളെയും അവഗണിച്ചു ലക്ഷ്യത്തിലെത്താന്‍ പോരാടിയ യഥാര്‍ത്ഥ സമര നായകര്‍ക്ക്  
അഭിവാദ്യങ്ങള്‍ . . . . . .
ഇന്ന് പെട്ടെന്നുണ്ടായ മാദ്ധ്യമ ശ്രദ്ധ കാരണം സമരപന്തലുകളിലേക്ക്  രാഷ്ട്രീയ -സാമൂഹിക 'നായകരുടെ'! കുത്തൊഴുക്കാണ് .അപകട ഭീഷണിയെ നേരിട്ടിരുന്ന ഒരുപാടൊന്നും പ്രശസ്തരല്ലാത്ത യഥാര്‍ത്ഥ സമര നായകരെ  നമുക്ക് മറക്കാതിരിക്കാം ..


മുല്ലപെരിയാര്‍ ഡാം -ബലവും ബലക്ഷയവും ഒരുപാട് പഠന സംഘങ്ങള്‍  പഠനവിധേയമാക്കി  .കേസുമായി  ബന്ധപ്പെട്ട്  കോടതികളിലെത്തിയ  പല പഠന റിപ്പോര്‍ട്ടുകളും തമിഴ്നാടിന്  വേണ്ടി തയ്യരാക്കപ്പെട്ടവയായിരുന്നു.കേരളത്തിനകത്തുള്ള    ഡാമില്‍ എന്തൊക്കെയാണ്  നടക്കുന്നതെന്ന്  അറിയാന്‍  കഴിയാത്ത  കേരള  അധികാരികളെ  റിപ്പോര്‍ട്ടില്‍  ഇടപെടാന്‍  കഴിയാതെ  പോയതിലെങ്ങനെ  കുറ്റംപറയാന്‍ കഴിയും .അങ്ങനെയാണ്  കേന്ദ്ര  ജലകമ്മീഷന്‍  റിപ്പോര്‍ട്ട്‌  തമിഴ് നാടിനു  വേണ്ടി    ഉണ്ടായി  വരുന്നത് .തമിഴ്നാട്  നല്‍കിയ  വിവരങ്ങളായിരുന്നു  ആ  റിപ്പോര്ട്ടിനാധാരം  .ജനുവരിയില്‍  സുപ്രീം  കോടതിയില്‍  സമര്‍പ്പിക്കാനായി  C.S.M.R,C.W.P.R വിദഗ്ദ്ധര്‍ റിപ്പോര്‍ട്ട്‌  തയ്യാറാക്കുന്ന  തിരക്കില്ലാണ്. വേണ്ടത്ര  പഠനം  നടത്താതെ  ഉള്ള  ഈ  നീക്കത്തിനെതിരെ  കേരളം  പ്രതിഷേധം  അറിയിച്ചു  കഴിഞ്ഞു .

   എന്നാല്‍  ഇതേ  സമയം  ഡാം  അപകടാവസ്തയിലാനെന്നു  തെളിവുകള്‍ നിരത്തുന്ന  പഠനങ്ങളും   പുറത്തു  വന്നു  റൂര്‍ക്കി  I I T യും  ഡല്‍ഹി  I I Tയും നടത്തിയ  പഠനങ്ങള്‍  ഡാം  നിലനില്കുന്ന  മേഖല  പ്രളയ  -ഭൂകമ്പ  സാധ്യതാ  പ്രദേശമാണെന്നും ,ഇവ  രണ്ടും  ഡാം  തകര്‍ക്കാന്‍  പര്യാപ്തമാണെന്നും   നിരീക്ഷിച്ചിട്ടുള്ളതാണ് .ജിയോളജിക്കല്‍ സര്‍വ്വേ  ഓഫ്   ഇന്ത്യ  , കേരള  സര്‍ക്കാര്‍   സംഘടിപ്പിച്ച  വിവിധ  വിദഗ്ധ  സംഘങ്ങള്‍  എന്നിവയും  സമാനമായ  റിപ്പോര്‍ട്ടുകള്‍  സമര്പിച്ചിട്ടുണ്ട് .

    നിരന്തരമായി മേഖലയില്‍ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ തുടര്‍ചലനങ്ങള്‍ എന്നിവ ഡാം സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തര്‍ക്കമില്ലാത്തതാണ് .കാലാവധി കഴിഞ്ഞ ഡാമില്‍ നിന്നുണ്ടാകുന്ന ചോര്‍ച്ച എത്രയാണെന്ന്  യാതൊരു കണക്കും നമ്മുടെ പക്കല്‍ ഇല്ല,അതോഴുക്കിക്കൊണ്ട്  പോയിരിക്കുന്ന ഡാമിന്റെ അടിസ്ഥാന നിര്‍മാണ വസ്തു ആയ സൂര്‍ക്കിയുടെ അളവും നമുക്ക് അജ്ഞാതമാണ് .ഡാമിനെ ബലപ്പെടുത്താനെന്ന
വ്യാജേന തമിഴ്നാട് ,അന്വേഷണ സംഘങ്ങളുടെ വരവിനു മുന്പ്  നടത്തിവന്നിരുന്ന അശാസ്ത്രീയ ബാലപ്പെടുതല്‍ നടപടികള്‍ ഡാമിനെ കൂടുതല്‍ ക്ഷയിപ്പിക്കുകയാണ്  ഉണ്ടായത്.

   ഡാം സൃഷ്ട്ടിച്ചിരിക്കുന്ന ഭീഷണിക്കു കീഴില്‍  കാലങ്ങളായി ഭയന്ന് ജീവിക്കുന്ന വലിയൊരു ജന സമൂഹത്തിന്റെ ആശങ്ക അകറ്റെണ്ടതുണ്ട് .അവര്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്.ഉറക്കത്തില്‍ പേടി സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു നിലവിളിക്കുന്ന കുട്ടികളെ,അവര്‍ക്കുണ്ടായെക്കാവുന്ന മാനസിക പ്രശ്നങ്ങളെ കണ്ടില്ലാന്നു നടിയ്ക്കാനും കഴിയില്ല.ഇതിനെല്ലാം,പുതിയൊരു ഡാം എന്നതല്ലാതെ മറ്റൊരു പോംവഴിയുമില്ല എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.


   
    സങ്കുചിത ചിന്തകളൊന്നുമില്ലാത്ത ഇന്ത്യയെ ഒന്നായിക്കാണകയും അതില്‍ കേരളത്തിന്‌ യാതൊരു പ്രത്യേകതയും കല്‍പ്പിക്കാത്ത ഉയര്‍ന്ന  ചിന്തയോടു കൂടിയ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും മറ്റു എം.പി.മാരും തമിഴ്നാടിനു വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന തങ്ങളുടെ സഹ പ്രവര്‍ത്തകരെ കാണാതെ പോകരുത്.

   പുതിയ ഡാം ഉണ്ടാകുമ്പോള്‍ പുതിയ കരാറും ഉണ്ടാകും .ഇനി ഉണ്ടാകുന്നത് തുച്ഛമായ പാട്ട വ്യവസ്ഥകളാവില്ല  . വൈദ്യുതോല്പ്പാദനതിനുള്ള ജലം കിട്ടുമോ എന്നും തമിഴ്നാടിനു സംശയമുണ്ട്‌.ഇപ്പോള്‍ തുച്ഛമായ നിരക്കില്‍ കൊണ്ടുപോകുന്ന ജലം കാര്‍ഷിക-വൈദ്യുതോല്‍പ്പാദന മേഖലയില്‍ കോടികളുടെ നേട്ടമാണ് തമിഴ് നാടിനു  ഉണ്ടാക്കി കൊടുക്കുന്നത് .ഇത്തരം ചില നേട്ടങ്ങള്‍ നിലനിര്‍ത്താനുള്ള പിടിവാശിയാണ് തമിഴ്നാട് നടത്തുന്നത്.30 ലക്ഷം മനുഷ്യ ജീവനും വലിയൊരു ഭൂവിഭാഗവുമാണ് കേരളം വിലനല്കേണ്ടി വരിക.

  116 വര്ഷം പഴക്കമുള്ള ഒരു അണക്കെട്ട് .അത് അപകടാവസ്ഥയിലാണ്.കേരളം തമിഴ്നാടിനോടും കേന്ദ്രത്തോടും   കാലങ്ങളായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടെയിരിക്കുന്നു.കോടതികളില്‍ കേസുകളും നടക്കുന്നു.കേരള നിയമസഭ ജലസേചന-ജലസംരക്ഷണ നിയമം ഭേദഗതി ചെയ്തു.മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ്‌ 136 അടിയായി നിശ്ചയിച്ചു.ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് -സംഘര്‍ഷങ്ങള്‍ക്കും ഭീഷണികള്‍ക്കും കാരണമായി കഴിഞ്ഞു.ഇനി ചര്‍ച്ചകളിലൂടെ ഒരു സമവായം ഉണ്ടാവും എന്ന മിഥ്യാ ധാരണ  ആര്‍ക്കും ഉണ്ടാവേണ്ടതില്ല.


   ഇനി കേരളത്തിന്‌ ചെയ്യാന്‍ കഴിയുന്നത്‌  സുപ്രീം കോടതി വിധിയെ മാനിച്ചു തന്നെ വ്യക്തമായ   നിയമോപദേശം   തേടുകയും പുതിയ അണക്കെട്ട്  നിര്‍മ്മിക്കുവാന്‍ മുല്ലപ്പെരിയാര്‍   കരാര്‍ റദ്ദാക്കി കൊണ്ട്  കേരള നിയമ സഭയില്‍ ബില്‍ പാസ്സാക്കുക എന്നതാണ്. മാത്രമല്ല പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തുവാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.

സ്വന്തം ജനതയ്ക്ക് വേണ്ടി കൈയ്യിലുള്ള അധികാരം ഉപയോഗിക്കുവാന്‍ കഴിയാത്തവരാണ് നമ്മുടെ ജന നായകരും അധികാരികളും എന്നതിനാലാണ് ചപ്പാത്തിലും വണ്ടിപ്പെരിയാരിലും മറ്റുമായുള്ള നിരാഹാര സമര പന്തലുകളെ ഇപ്പോഴും സജീവമാക്കി നിര്‍ത്തിയിരിക്കുന്നത്.
ഞാന്‍ മലയാളിയാണെന്ന്  പറയുമ്പോള്‍ എവിടൊക്കെയോ പൊള്ളുന്നു. . . . . . . . .
 

Sunday, January 1, 2012

         പോം വഴികളെല്ലാം അണകെട്ടി നിര്‍ത്തുമ്പോള്‍ .........
                                                                       
                                                         വലിയൊരു  അപകടത്തെ യുദ്ധം ചെയ്തു സംരക്ഷിക്കുന്നത് ലോകത്തെവിടെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ല എങ്കില്‍ മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കപെടുന്നത് കാണണം .30 ലക്ഷം വരുന്ന ജനതയേയും ഒരു വലിയ ഭൂ വിഭാഗത്തെയും തുടച്ചു നീക്കാന്‍,ചരിത്രമാക്കാന്‍ ശേഷിയുള്ള ഒരു ജലബോംബായി മുല്ലപെരിയാര്‍ ഡാം മാറികഴിഞ്ഞു .എന്തൊക്കെ സംഭവിച്ചാലും കൊള്ളാം 999 വര്‍ഷത്തെ കരാര്‍ കഴിയാതെ ഒരു കല്ലിളക്കാന്‍ സമ്മതിക്കില്ലന്നാണ് ആരാന്റെ പറമ്പിലെ പുല്ലു കണ്ടു പശുവിനെ വളര്‍ത്തുന്ന തമിഴ് പോരാളികള്‍ പറയുന്നത് .
               മലയാളിയെ കണ്ടാല്‍ തല്ലുക വീടും കടയും കത്തിക്കുക, KSRTC ബസ്സിനു കല്ലെറിയുക എന്നിവയാണ് യുദ്ധ മുറകള്‍ .ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരള അതിര്‍ത്തിയിലേക്ക്  പ്രകടനങ്ങള്‍ നടത്തും , മന്ത്രി തന്നെ വന്നു  ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും , അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുമെന്ന് മുന്‍കൂട്ടി കാണാത്തതിനു സ്ഥലം S.P യെ  തമിഴ്നാട്‌ മുഖ്യമന്ത്രി സ്ഥലം മാറ്റും .മറ്റു ചില തീപ്പൊരി നേതാക്കളുണ്ട്  അതിര്‍ത്തിയില്‍  സംഘര്‍ഷം ഉണ്ടാക്കും അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചു അറസ്റ്റ് വരിക്കും .സിങ്കങ്ങലാനവര്‍ , പുലി എന്നാണ് വിളിക്കേണ്ടത് .പേടി കൊണ്ടാണ് അതോഴിവാക്കിയത് . 

             കേന്ദ്ര സര്‍കാരിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും തമിഴ്നാടിനറിയാം. വലിയ സര്‍വകക്ഷി സംഘങ്ങളുടെ  പൊറാട്ട് നാടകത്തിനു ഒരുപാടൊന്നും ചെയ്യാനില്ലന്നും,ചെയ്യേണ്ടത് വരുന്ന വിദഗ്ധ സംഘങ്ങളെ  സ്വാധീനിക്കുകയാന്നെന്നും അവര്‍ക്കറിയാം. ഇതാ അവസാനം സുപ്രീം കോടതി അയച്ച  വിദഗ്ധ സംഘം    ഏകപക്ഷീയ സമീപനമാണ് പുലര്‍ത്തുന്നതെന്നും ബലക്ഷയം പഠിക്കാതെ അണക്കെട്ട് ബലപ്പെടുത്താനുള്ള സൂത്രം തമിഴ്നാടിനു പറഞ്ഞുകൊടുതതിനും   കേരളം പിണങ്ങി... നാല് വഴിക്കും കത്തുകളയച്ചിട്ടുണ്ട്  സമാധാനം !!!!

                അധികം സംസാരിക്കരുത് ,പ്രകടനം നടത്തുന്നതും പോസ്റ്റര്‍ ഒട്ടിക്കുന്നതും വളരെ മോശം .കാരണം കേരളീയര്‍ സംസ്‌കാര സമ്പന്നരാണ് ,വിദ്യാഭ്യാസമുള്ളവരാന്നു.ഈ കാരണം പറഞ്ഞു കടമകളില്‍ നിന്നും പ്രതിഷേധിക്കുന്ന തെരുവില്‍ നിന്നും ഒളിച്ചോടുന്ന ഏക ജനവിഭാഗവും കേരളീയര്‍ മാത്രമാകും...തമിഴ്നാട്  മുഖ്യമന്ത്രിയെപോലെ തന്നെ കേരള മുഖ്യമന്ത്രിയും ഭരണ - പ്രതിപക്ഷ നേതാക്കന്മാരും ഇരു സംസ്ഥാനങ്ങളിലും സമാധാനം പുലരന്നമെന്നാഗ്രഹിക്കരുതെന്നു ആരും പറയുന്നില്ല.ഒറ്റപ്പെട്ട അതിക്രമങ്ങള്‍ കേരളത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായി .സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു .അത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത് ചെയ്യുക തന്നെ വേണം.
                
               സംഘര്‍ഷങ്ങള്‍  ഒഴിവാക്കാന്‍ കഴിയുന്നതെല്ലാം ചെയത് കുറെ കത്തുകളും അയച്ചിരുന്നാല്‍ അണക്കെട്ട് ബലപ്പെടുമെങ്കില്‍ നാം ഏതാണ്ടെല്ലാം ചെയ്തുകഴിഞ്ഞു .നിരന്തരം കേസുകള്‍ തോല്കുന്നതില്‍ നിന്നും ഇടയ്ക്ക് നമുക്ക് വിജയം നേടാനും കഴിഞ്ഞു .ഇനി നട്ടെല്ലോടെ ജീവിക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തിന്‌  മുന്നില്‍ ഒരുപാട് വഴികളുണ്ട് .നേതാക്കന്മാര്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരള ജനതയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ തീരുമാനിക്കുന്നിടത്തവസാനിക്കും മുല്ലപെരിയാര്‍ ഡാമില്‍ സംഭവിച്ചേക്കാവുന്ന വലിയ ദുരന്തം.
               
               അയ്യോ ! ഞാന്‍ അതോര്‍ത്തില്ല ,തേനിയിലും കമ്പംമേട്ടിലുമായി വസ്തുവകകലുള്ള തമിഴ്നാട്ടില്‍ അനേകം സ്ഥാപനങ്ങളും പലതിലും ഓഹരികളുമുള്ള  കേരളത്തിലെ നേതാക്കന്മ്മരെങ്ങനാണ്  സമരം നയിക്കുക .മാത്രവുമല്ല ശ്രീമതി .ജയലളിത ചില കണക്കുകളും കാര്യങ്ങളും പുറത്തു വിടുമെന്ന് ഭീഷണി പെടുത്തുകയും ചെയ്യുന്നു...

   അപ്പോള്‍ പിന്നെ മലയാളി വലിയ പ്രതീക്ഷയൊന്നും വേണ്ട!!!!

 ഒന്നും സംഭവിക്കില്ലെന്ന് വെറുതെ അങ്ങ് വിശ്വസിക്കണം , ചുമ്മാ..........