Wednesday, June 21, 2017

'ഇറോം ഷര്‍മിള'യാണ് ശരി


മണിപ്പൂരില്‍ സായുധസേനയ്ക്ക് സമാധാന പാലനത്തിനായി അനുവദിച്ചുനല്‍കിയ പ്രത്യേക അധികാരങ്ങളുടെ മറവില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒരു ജനത സമരത്തിലാണ്. രാജ്യത്തിന്റെ സമാധാനവും നിലനില്‍പ്പും അപകടത്തിലാകുംവിധം ഉണ്ടാകുന്ന വിഘടന തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാനായാണ് 1958 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌സായുധസേന പ്രത്യേക അധികാരനിയമം (അഫ്‌സ്പ) പാസാക്കിയത്. അത്തരത്തില്‍ വിഘടനവാദികളാല്‍ കലാപകലുഷിതമായ വടുക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാനാണ് അരുണാചല്‍പ്രദേശ്, ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലന്റ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സായുധനിയമം നടപ്പാക്കിയത്. പിന്നീട് ഇത് ജമ്മു-കശ്മീരിലും ബാധകമാക്കി. ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ടിലേറെ വര്‍ഷങ്ങളായി നിരാഹാരത്തിലാണ് ഇറോം ഷര്‍മിള എന്ന യുവതി. ലഭ്യമായ അമിതാധികാരത്തില്‍ മത്തുപിടിച്ച് നിരപരാധികളെ നിര്‍ദാക്ഷിണ്യം ചുട്ടുകൊല്ലുന്ന സായുധസേനയ്‌ക്കെതിരെ അനേകം മനുഷ്യാവകാശ സംഘടനകളും ജനത ആകെതന്നെയും പ്രതിഷേധത്തിലാണ്. ഈ പ്രതിഷേധങ്ങള്‍ ന്യായമാണെന്നാണ് സുപ്രിംകോടതി നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്റെയും നിരീക്ഷണം.

''വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി പ്രാബല്യത്തില്‍ വരുത്തിയ സായുധസേന പ്രത്യേക അധികാരനിയമം (അഫ്‌സ്പ) അതിന്റെ പ്രധാന ലക്ഷ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. വിവാദനിയമത്തിന്റെ മറവില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണുണ്ടായത്. നിയമത്തിന്റെ അന്തസത്തയെ തന്നെ കളങ്കപ്പെടുത്തി, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമാണ് നടന്നത്'' എന്നാണ് റിട്ടയേര്‍ഡ് ജഡ്ജ് സന്തോഷ് ഹെഗ്‌ഡെ, മുന്‍ ഇലക്ഷന്‍ കമ്മിഷന്‍ ജെ എം ലിങ്‌ദോ, റിട്ടയേര്‍ഡ് ഐ പി എസ് ഓഫീസര്‍ എ കെ സിങ് എന്നിവരടങ്ങിയ അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.
അന്വേഷണവിധേയമാക്കിയ ആറ് ഏറ്റുമുട്ടല്‍ക്കേസുകളില്‍ ഇവയൊന്നും തന്നെ യാഥാര്‍ഥ്യമല്ലെന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്. പരമാവധി സായുധശക്തി ഉപയോഗിച്ച് ആളുകളെ കൊന്നൊടുക്കുകയാണ് ഉണ്ടായത്. സംശയത്തിന്റെ നിഴലിലാവുന്ന ആളുകളെ വിചാരണകളില്ലാതെ കൊലചെയ്യാന്‍ പോലും സൈന്യത്തിന് അനുവാദം നല്‍കുന്നതാണ് നിയമം. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ ഒരു നിയമത്തിനുകീഴില്‍ പൗരന് യാതൊരുവിധ സംരക്ഷണവും ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. വളരെ ശക്തവും അപകടകരവുമായ അധികാരങ്ങള്‍ നല്‍കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് പരമപ്രധാനമാണ്. എന്നാല്‍ മണിപ്പൂരില്‍ സ്ഥിതി മറിച്ചാണ്. നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് പര്യാപ്തമായ സംവിധാനങ്ങള്‍ ഒന്നും ഇവിടെ ഇല്ല എന്നതാണ് വാസ്തവം എന്നും 100 പേജോളം വരുന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

കാലങ്ങളായി സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മുറവിളി ഒരിക്കല്‍പോലും അധികാരവര്‍ഗത്തിന്റെ ദന്തഗോപുരങ്ങളിലേക്ക് എത്തിയില്ല. നൂറുകണക്കിന് നിരപരാധികള്‍ പിടഞ്ഞുവീണ് മരിച്ചു. അനേകം സ്ത്രീകള്‍ സൈന്യത്തിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായി. സ്ത്രീപീഡനങ്ങളെ ചോദ്യം ചെയ്യുന്നവര്‍ തീവ്രവാദികളും വിഘടനവാദികളുമായി മുദ്രകുത്തപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകളില്‍ സൈന്യം ഇവര്‍ക്കെതിരെ 'നിയമം' നടപ്പാക്കി. ഇത്തരത്തില്‍ ഒരു സാധാരണ ദിനമായിരുന്നു 2000 നവംബര്‍ 2-ാം തീയതിയും മണിപ്പൂരിന്. മണിപ്പൂരിലെ ഇംഫാല്‍ താഴ്‌വരയില്‍ മാലോമില്‍ ബസ് കാത്തുനിന്നവര്‍ക്കുനേരെ അര്‍ധസൈനിക വിഭാഗമായ ആസാം റൈഫില്‍സ് വെടി ഉതിര്‍ത്തു. മരിച്ചുവീണവരില്‍ വൃദ്ധരായ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇവര്‍ ചെയ്ത 'രാജ്യവിരുദ്ധ പ്രവര്‍ത്തനം' എന്താണെന്ന് ഇന്നും ആര്‍ക്കും അറിയില്ല.

മനുഷ്യാവകാശ സംഘടനയുടെ മുറവിളി തീര്‍ത്ത പ്രഹസനങ്ങള്‍ക്ക് ആരും ചെവിനല്‍കിയില്ല. ഈ ദാരുണ കൂട്ടക്കൊലയാണ് ഇറോം ഷര്‍മിള ചാനു എന്ന യുവതിയില്‍ മാറ്റത്തിന്റെ കൊടുംങ്കാറ്റ് വിതച്ചത്. മനുഷ്യനെ കൂട്ടക്കുരുതിചെയ്യുന്ന ക്രൂരനിയമത്തില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് 2000 നവംബര്‍ 4 ന് ഇറോം ഷര്‍മിള നിരാഹാരസമരം ആരംഭിച്ചു. നിരാഹാരസമരത്തില്‍ തീവ്രവാദം കണ്ടെത്താന്‍ കഴിയാതിരുന്ന സൈന്യം ഷര്‍മിളയെ വെറുതെവിട്ടു. മൂന്നാം ദിവസം ആത്മഹത്യാശ്രമത്തിന് പൊലീസ് ഷര്‍മിളയെ അറസ്റ്റ് ചെയ്തു. അന്നുമുതല്‍ ഇന്നുവരെ പൊലീസ് കസ്റ്റഡിയിലാണ് ഷര്‍മിള. ആഹാരം ദ്രവരൂപത്തില്‍ ട്യൂബിലൂടെ നിര്‍ബന്ധിച്ച് നല്‍കുന്നു.
ക്രൂരനിയമം നരകമാക്കിയ ചുറ്റുപാടില്‍ ജീവിതത്തിന്റെ വസന്തകാലം സമൂഹത്തിനായി ബലികഴിച്ച പെണ്‍കുട്ടി. അവള്‍ മണിപ്പൂരിന്റെ 'ഉരുക്കുവനിത' ആയി. ലോകവും രാജ്യവും ഇറോം ഷര്‍മിളയിലൂടെ മണിപ്പൂരിനെ ചര്‍ച്ചചെയ്തു. മണിപ്പൂരില്‍ ജനാധിപത്യ അവകാശങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പ്പിക്കപ്പെടുന്നില്ലെന്ന് ലോകം അറിഞ്ഞു. അധികാര കേന്ദ്രങ്ങള്‍ക്ക് പലപ്പോഴും ഉത്തരങ്ങള്‍ ഇല്ലാതെയായി.

ഇറോം ഷര്‍മിളയെ തീവ്രവാദിയാക്കാന്‍ കഴിഞ്ഞില്ല എന്നതിനാല്‍ ഷര്‍മിളയുടെ പ്രണയം പോലും ആഘോഷിക്കാനും പ്രതിഷേധത്തിന്റെ ജനപിന്തുണ തകര്‍ക്കാനും ശ്രമമുണ്ടായി. ഭരണവര്‍ഗത്തിന്റെ തന്ത്രങ്ങള്‍ ഏതും ഏറ്റില്ല. വിവിധ രാഷ്ട്രീയ കക്ഷികള്‍ ഷര്‍മിളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങളും ഇന്ത്യയുടെ പൊതുവികാരവും ഇറോം ഷര്‍മിളയെ തേടിയെത്തി.

ദുരിതങ്ങളും അപവാദങ്ങളും തരണം ചെയ്ത് സ്വജീവിതം സമൂഹനന്മയ്ക്കായി സമര്‍പ്പിച്ച 'ഇറോം ഷര്‍മിളയാണ് ശരി' എന്നതാണ് സമീപകാല അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടും ഒരു ജനത മുഴുവനും നല്‍കുന്ന അംഗീകാരവും സംശയങ്ങള്‍ക്കിടയില്ലാതെ വെളിവാക്കുന്നത്.
janayugom Daily 26 july 2013