Wednesday, April 18, 2018

ഗുലാം അലി പാടും, കേരളം മാതൃകയാണെന്ന്...

പി ആര്‍ ചന്തു കിരണ്‍Updated: Wednesday Jan 13, 2016
(http://www.deshabhimani.com/articles/when-ghulam-ali-sings-in-kerala/531133)



2003 ഡിസംബര്‍ 18 രാത്രിയില്‍ ശിവസേന പ്രവര്‍ത്തകര്‍ ന്യൂഡല്‍ഹി ആഗ്ര സ്പോര്‍ട്ട് ഗ്രൌണ്ടിന്റെ മതില്‍ തകര്‍ത്ത് അകത്തുകയറി പിച്ച് നശിപ്പിച്ചു. പിച്ച് കത്തിക്കാനായി പെട്രോള്‍ നിറച്ച കന്നാസുകളും കൈയില്‍ കരുതിയിരുന്നെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരെകണ്ട് വിരണ്ടോടിയതിനാല്‍ സാധിച്ചില്ല. 24ന് നടക്കാനിരുന്ന ഇന്ത്യയിലെയും പാകിസ്ഥാനിലെയും മുതിര്‍ന്ന കളിക്കാരുടെ മത്സരം തടയാനായിരുന്നു ശിവസേനയുടെ ഈ പരാക്രമം. കളിമുടക്കാന്‍ കളിക്കളം നശിപ്പിക്കുകയാണ് ശിവസേന സ്റ്റൈല്‍. ഈ സംഭവത്തിന് മുന്‍പും ശേഷവും ഇത്തരം പരാക്രമങ്ങളില്‍ 'വിജയം' കണ്ടിട്ടുള്ളവരാണ് ശിവസേന.

1991ല്‍ മുംബൈയില്‍ വാംഖെഡെ സ്റ്റേഡിയത്തില്‍ കുഴികുത്തി ഇന്ത്യ–പാക് പരമ്പര മുടക്കാന്‍ അവര്‍ക്ക് സാധിച്ചു. 1999 ജനുവരിയില്‍ പാകിസ്ഥാന്റെ ഇന്ത്യയിലേക്കുള്ള പര്യടനം മുടക്കാന്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ശിവസേന ആക്രമിച്ചു. സ്റ്റേഡിയത്തിലെ ബിസിസിഐ ഓഫീസ് തകര്‍ത്ത ശിവസേനാ പ്രവര്‍ത്തകര്‍ 1983 ലോകകപ്പ് ട്രോഫിയും കേടുവരുത്തി.

പാക് വിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ കളിക്കളത്തിന് അകത്തും പുറത്തും അവര്‍ പിന്നെയും തുടര്‍ന്നു. പാകിസ്ഥാന്റെ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരിയുടെ പുസ്തക പ്രകാശനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവര്‍ത്തകനും കോളമിസ്റ്റുമായ സുധീന്ദ്ര കുല്‍ക്കര്‍ണ്ണിക്കെതിരെ നടത്തിയ കരിമഷി പ്രയോഗവും ശിവസേന രാജ്യത്തിനുണ്ടാക്കിയ നാണക്കേടിന്റെ പട്ടികയില്‍ ഉള്‍പ്പെടും. 
                           
അതിനുശേഷം അവര്‍ ഗസല്‍ലോകത്തെ വിഖ്യാത ഗായകന്‍ ഗുലാം അലിയെ തേടിയിറങ്ങി. ഇന്ത്യന്‍ ഗസല്‍ സംഗീതജ്ഞന്‍ ജഗ്ജിത് സിങിനെ അനുസ്മരിക്കാന്‍  മുംബൈയില്‍ നടത്തുന്ന പരിപാടിയില്‍ ഗുലാം അലിയുടെ സംഗീതം ആവശ്യമില്ലെന്ന് ശിവസേന തിട്ടൂരമിറക്കി. പ്രതിഷേധങ്ങള്‍ പലതുണ്ടായെങ്കിലും ശിവസേന ഭീഷണി തുടര്‍ന്നു. ശിവസേന മുഖ്യ സഖ്യകക്ഷിയായ മഹാരാഷ്ട്രയിലെ ബിജെപി ഭരണം ഗുലാം അലിയുടെ പരിപാടിക്ക് സംരക്ഷണം ഉറപ്പുനല്‍കാനാവില്ലെന്ന നിലപാടാണെടുത്തത്. മുംബൈയില്‍മാത്രമല്ല പൂണെയിലെ അനുസ്മരണ പരിപാടിയിലും ഗുലാം അലിക്ക് പങ്കെടുക്കാനായില്ല.

സഹോദരതുല്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ജഗ്ജിത് സിങിന്റെ അനുസ്മരണ പരിപാടിയില്‍നിന്ന് ശിവസേനയുടെ കടുത്ത ഭീഷണിയുടെ പശ്ചാത്തലത്തില്‍  ഗുലാം അലി വിട്ടുനിന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഡല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കാനുള്ള ക്ഷണവും അദ്ദേഹം സ്വീകരിച്ചില്ല.

എന്നാല്‍ പുതുവര്‍ഷത്തില്‍ ഇന്ത്യയിലേക്ക് ഗുലാം അലി ക്ഷണിക്കപ്പെട്ടു. ആ ക്ഷണം ഉണ്ടായത് കേരളത്തില്‍നിന്നാണ്. ' ചാന്ദിനി കി രാത് ഗുലാം അലി കേ സാഥ്' (ഗുലാം അലിക്കൊപ്പം ചന്ദ്രികയുടെ രാവ്) എന്ന പേരില്‍ സ്വരലയ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം പാടും. ജനുവരി 15നു തിരുവനന്തപുരം നിശാഗന്ധിയിലും, 17നു കോഴിക്കോട്ട് ടാഗോര്‍ തീയറ്ററിലുമാണ് ഗസല്‍സന്ധ്യ. 14ന് തിരുവനന്തപുരത്ത് പൌരസ്വീകരണത്തോടെ ഗുലാംഅലിയെ കേരളം എതിരേല്‍ക്കും.  

ക്ളാസിക്കല്‍ സംഗീതത്തെ ഗസലുമായി സമന്വയിപ്പിച്ച ഗസല്‍ മാന്ത്രികന് മുന്നില്‍ രാജ്യാതിര്‍ത്തികള്‍ തടസമാവില്ലെന്ന പ്രഖ്യാപനമാണ് കേരളത്തില്‍ നിന്നുണ്ടായത്. കേരളത്തിന്റെ പ്രതിരോധ ശബ്ദത്തിന് കാതോര്‍ക്കാന്‍ സന്മനസുകാണിച്ച ഗുലാം അലി ക്ഷണം സ്വീകരിച്ചു. ഗുലാം അലിയുടെ ഇന്ത്യാ സന്ദര്‍ശനം ഉറപ്പായതോടെ കൊല്‍ക്കത്ത അദ്ദേഹത്തിന്റെ പരിപാടിക്ക് അവസരം തേടി. അങ്ങനെയാണ് 12ന് കൊല്‍ക്കത്ത നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഗുലാം അലിയുടെ ഗസല്‍ സന്ധ്യ അരങ്ങേറിയത്. കനത്ത സുരക്ഷയിലാണ് പരിപാടി നടന്നത്. 
1998 ല്‍ മുംബൈയില്‍ ഗുലാം അലിയുടെ സംഗീത പരിപാടിയുടെ വേദി കയ്യേറി ശിവസേന അക്രമികള്‍ പ്രതിഷേധിക്കുന്നു.


എന്നാല്‍, ഗുലാം അലിയുടെ സംഗീതത്തിനെതിരെ ബിജെപി നേതാവും ത്രിപുര ഗവര്‍ണറുമായ തഥാഗത റോയ് പാകിസ്ഥാന്‍ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി. ' പാകിസ്ഥാന്‍ ഗായകന്‍ ഗുലാം അലി കൊല്‍ക്കത്തിയിലെത്തി. ഭൂമിയില്‍ പാകിസ്ഥാന്റെ ക്രൂരതയ്ക്ക് ബംഗാളി ഹിന്ദുക്കളോളം വിധേയരായവരില്ല ' – എന്നാണ് തഥാഗത റോയ് ട്വിറ്ററില്‍ പ്രതികരിച്ചത്.

അതേ സമയം കേരളത്തില്‍ ശിവസേനയും ഭീഷണിയുമായി രംഗത്തെത്തി. ഗുലാം അലിയെ കേരളത്തില്‍ പാടിക്കില്ലെന്നാണ് ശിവസേനയുടെ ഭീഷണി. ഗുലാം അലിയുടെ ഗസല്‍നടക്കുന്ന വേദികളിലെത്തി പ്രതിഷേധിക്കും. രണ്ടുവേദികളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നുമാണ് ശിവസേന അറിയിച്ചത്. സംഗീത പരിപാടിക്ക് എതിരല്ലെന്നും പാകിസ്ഥാനെയാണ് എതിര്‍ക്കുന്നതെന്നും ശിവസേന സംസ്ഥാന നേതൃത്വം പറയുന്നു. ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് സംസ്ഥാന ഘടകത്തിനെന്നും അവര്‍ പറയുന്നു.

എന്നാല്‍, ദേശാന്തര കലാ സാംസ്കാരിക സൌഹൃദത്തിന്റെ ദീപ്തമായ പ്രതീകത്തെയാണ് ഗുലാം അലിയിലൂടെ കേരളം സ്വാഗതം ചെയ്തത്. ഒളിഞ്ഞും തെളിഞ്ഞും പ്രച്ഛന്ന വേഷത്തിലുമുള്ള വര്‍ഗീയ ശക്തികള്‍ക്ക് കീഴടക്കാനാവുന്നതല്ല ആ ജനസൌഹാര്‍ദ്ദത്തെ, കേരളത്തിന്റെ ഇടതുപക്ഷ മനസിനെ.

സമീപകാലത്ത് അത്തരം ജനകീയ പ്രതിരോധ ശക്തി വര്‍ഗീയ കോമരങ്ങള്‍ക്ക് കേരളം കാട്ടിക്കൊടുത്തിട്ടുള്ളതാണ്. ശ്രീദേവി എസ് കര്‍ത്തയുടെ പുസ്തക പ്രകാശന വേദിയിലോ, തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എസ്എഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച അധ്യാപിക ദീപ നിഷാന്തിനെ ഒറ്റതിരിഞ്ഞ് വര്‍ഗീയ വാദികള്‍ ആക്രമിച്ചപ്പോഴോ കണ്ട ചെറുത്തുനില്‍പ്പില്‍ മാത്രം ഒതുങ്ങുന്നതല്ല വര്‍ത്തമാനകാലത്തെ അത്തരം ഉദാഹരണങ്ങള്‍. 

'ഒടല കിച്ചു' (ഉള്ളിലുള്ള അഗ്നി) എന്ന പുസ്തകം രചിച്ചതിന് ഹൈന്ദവ ഭീകരര്‍ കൈവെട്ടാന്‍ ശ്രമിച്ച കര്‍ണ്ണാടകയിലെ ദളിത് എഴുത്തുകാരന്‍ ഹുഛംഗി പ്രസാദ് തനിക്കുള്ള പൊലീസ് സംരക്ഷണം ഒഴിവാക്കി സധൈര്യം വന്നത് കേരളത്തിന്റെ സംരക്ഷണയിലേക്കാണ്.

വര്‍ഗീയതയ്ക്കെതിരെ എഴുതിയതിന് ബലാത്സംഗം ചെയ്യുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നുമാണ് ചേതന തീര്‍ഥഹള്ളി എന്ന കര്‍ണ്ണാടക എഴുത്തുകാരിക്ക് നേരിടേണ്ടിവന്ന ഭീഷണി. തിരുവന്തപുരത്തു സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധത്തില്‍ ഹുഛംഗി പ്രസാദും ചേതന തീര്‍ഥഹള്ളിയും പങ്കെടുത്തു. സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിക്കുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ശ്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പിനുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യമായിരുന്നു അത്.  

ചേതന തീര്‍ഥഹള്ളിയും ഹുഛംഗി പ്രസാദും തിരുവനന്തപുരത്ത് ഫാസിസത്തിനെതിരെയുള്ള കൂട്ടായ്മയില്‍ പങ്കെടുത്തപ്പോള്‍ 

അനാചാരങ്ങള്‍ക്കെതിരെ നിരന്തരം പേരാടിയ പ്രമുഖ യുക്തിചിന്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍, കമ്യൂണിസ്റ്റ് നേതാവും ചിന്തകനുമായ ഗോവിന്ദ് പന്‍സാരെ, കന്നട സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറും എഴുത്തുകാരനുമായ ഡോ. എം എം കല്‍ബുര്‍ഗി എന്നിവര്‍ കൊലചെയ്യപ്പെട്ടതും വര്‍ഗീയതയ്ക്കും അന്ധവിശ്വാസത്തിനുമെതിരെ അവരെടുത്ത നിലപാടുകളുടെ പേരിലാണ്. ഇതേ നിലപാടിന്റെ പേരില്‍ നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് വര്‍ഗീയ വാദികള്‍ ഭീഷണി മുഴക്കിയിരിക്കുന്ന ചിന്തകന്‍ കെ എസ് ഭഗവാനും കേരളത്തിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയിരുന്നു. വെടിയുണ്ടകളെ ഭയപ്പെടുന്നില്ലെന്നും നിശബ്ദനാക്കാനാവില്ലെന്നും പ്രഖ്യാപിച്ചാണ് അദ്ദേഹവും മടങ്ങിയത്. ആശയങ്ങളെ കൊന്നു തള്ളാനാകില്ലെന്ന് വര്‍ഗീയവാദികളെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നതായിരുന്നു ഗോവിന്ദ് പന്‍സാരെയുടെ മകളും സാമൂഹിക പ്രവര്‍ത്തകയുമായ സ്മിതാ പന്‍സാരെയ്ക്ക് കേരളത്തില്‍കിട്ടിയ സ്വീകരണവും.

മാത്രമല്ല, രാജ്യത്തിന്റെ ഇരുണ്ട ഓര്‍മ്മയും വര്‍ഗീയ ശക്തികള്‍ക്ക് വിദ്വേഷത്തിന്റെ തീ പകരാനുള്ള ഉപാധിയുമായിരുന്ന ഗുജറാത്ത് വംശഹത്യയുടെ ഇരയേയും വേട്ടക്കാരനെയും ഒരേവേദിയിലെത്തിച്ച് മാനവികതയുടെ സന്ദേശം പകരുകയെന്ന ദൌത്യവും കേരളം നിറവേറ്റി. ആക്രോശങ്ങളുമായി വാളോങ്ങിനില്‍ക്കുന്ന അശോക് മോച്ചിയും നിറകണ്ണുകളോടെ ജീവനുവേണ്ടി കൈകൂപ്പിനില്‍ക്കുന്ന കുത്തുബ്ദീന്‍ അന്‍സാരിയും, ഒരു വ്യാഴവട്ടക്കാലം മനസുകളെ അലോസരപ്പെടുത്തിയ യാഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ കലാപങ്ങള്‍ക്കിപ്പുറം ഇരകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന തിരിച്ചറിവും മാനസാന്തരവും പുതിയ മനുഷ്യനാക്കിതീര്‍ത്ത മോച്ചി, അന്‍സാരിയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നതും കേരളത്തിന്റെ മണ്ണില്‍നിന്ന് ലോകം കണ്ടു. 'വംശഹത്യയുടെ വ്യാഴവട്ടം' എന്ന പേരില്‍ കണ്ണൂരില്‍ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഈ അപൂര്‍വ്വ സമാഗമത്തിന് വേദിയൊരുങ്ങിയത്.

അങ്ങനെയുള്ള കേരളത്തിന്റെ ക്ഷണം എങ്ങനെയാണ് ഗുലാം അലിക്ക് സ്വീകരിക്കാതിരിക്കാനാവുക. ' ലോകത്തെമ്പാടുമുള്ള ആരാധകരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യക്കാരോട്. അവരുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിപറയാന്‍ കഴിയില്ലെനിക്ക്. അവരില്ലായിരുന്നെങ്കില്‍ ഇത്ര പ്രശസ്തിയോ, എന്റെ ഗസലുകള്‍ക്ക് ഇത്ര ജനസമ്മതിയോ ഉണ്ടാവുമായിരുന്നില്ല' – ഗുലാം അലി ഒരിക്കല്‍ പറഞ്ഞു. 

2006ലാണ് ഗുലാം അലി ആദ്യമായി കേരളത്തിലെത്തിയത്. അന്ന് കോഴിക്കോട്ട് കടല്‍തീരത്ത് ഒത്തുകൂടിയ ആസ്വാദക ഹൃദയങ്ങള്‍ ആവോളം ആ ഗസല്‍ മധുരം നുകര്‍ന്നതാണ്. ഇന്ന് ഗുലാം അലിയെ കാത്തിരിക്കുന്നത് ഗസല്‍ ആസ്വാദകര്‍മാത്രമല്ല, മാനവികതയുടെ സംഘശക്തികൂടിയാണ്. അവിടെ വര്‍ഗീയതയുടെ ഭീഷണിക്ക് സ്ഥാനമില്ല. പിന്നെ ഗുലാം അലി പാടാതിരിക്കുവതെങ്ങനെ കേരളം മാതൃകയാണെന്ന്...
തൊഴില്‍ തേടിയുള്ള പലായനങ്ങള്‍ വരച്ച് കാട്ടി ഇന്‍ഡുര്‍ ഓ മാനുഷ്, 
നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ 21 വരെ

(http://www.deshabhimani.com/art-stage/news-art-and-stage-14-02-2017/623759)
കൊല്‍ക്കത്തയില്‍ നിന്ന് പി ആര്‍ ചന്തുകിരണ്‍  Tuesday Feb 14, 2017 

കൊല്‍ക്കത്ത > തൊഴില്‍ തേടിയുള്ള പലായനങ്ങള്‍ക്ക് മനുഷ്യരാശിയുടെ ഉല്‍പ്പത്തിയോളം പഴക്കമുണ്ട്.  പലായനം ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ ജീവിത ദുരിതവും അവര്‍ നേരിടുന്ന പ്രതിസന്ധികളും അനാവരണം ചെയ്ത പ്രമുഖ ബംഗാളി നാടക സംവിധായകന്‍ ദബാസിസ് ബിശ്വാസിന്റെ ഇന്‍ഡുര്‍  ഓ മാനുഷ് (ബംഗാളി നാമം) നാടകം മൂന്നാമത് നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം നേടി. അഭയം തേടി ഓടി ഒളിക്കേണ്ടിവരുന്ന നിഷ്കളങ്കര്‍ അനുഭവങ്ങളുടെ കഠിന കാലം താണ്ടി ഉറച്ച തീരുമാനങ്ങളിലേക്ക് സധൈര്യം നടന്നടുക്കുന്നത് നാടകം ചര്‍ച്ച ചെയ്യുന്നു.

എലിയും മനുഷ്യനും (of mice and men) എന്ന ജോണ്‍ സ്റ്റീല്‍ ബെക്കിന്റെ (John Steinbeck) അമേരിക്കന്‍ നോവല്‍ ഇതിവൃത്തമാക്കിയാണ് ദബാസിസ് ബിശ്വാസ് നാടകം ഒരുക്കിയത്. മിനര്‍വ നാട്യസംസ്കൃതി ചര്‍ച്ചാ കേന്ദ്രത്തിന്റെ (Minerva Ntayasanskriti Charchakendra) ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവലില്‍ നിറഞ്ഞ സദസ്സിനു മുന്നിലാണ് നാടകം അരങ്ങിലെത്തിയത്. 

ഫെബ്രുവരി 11 മുതല്‍ 21 വരെ രബീന്ദ്ര സദനില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ 18 നാടകങ്ങള്‍ അരങ്ങിലെത്തും. ആറ് ബംഗാളി നാടകങ്ങളും തമിഴ്നാട്, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 12 നാടകങ്ങളുമാണ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കുന്നത്.

സമര്‍ഥനും ധീരനുമായ ജോര്‍ജ് മില്‍റ്റണും മികച്ച കായബലമുള്ള ഭിന്നശേഷിക്കാരനായ ലെന്നി സ്മാളുമാണ് ദബാസിസ് ബിശ്വാസിന്റെ നാടകത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. ലെന്നിയുടെ സംരക്ഷകനായാണ് ജോര്‍ജ് പലപ്പോഴും നിലകൊള്ളുന്നത്. ലെന്നിക്കെതിരെ ഉണ്ടാവുന്ന വ്യാജ ലൈംഗിക ആരോപണം ഇരുവരേയും നാടുവിടാന്‍ നിര്‍ബന്ധിക്കുന്നു. ജോലി തേടി എത്തിപ്പെടുന്ന സ്ഥലത്ത് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍പുതിയ പാഠമാണ് നല്‍കുന്നത്. ഇവര്‍ക്കൊപ്പം ഈ കഥാപരിസരത്ത് വളരുന്ന മറ്റ് കഥാപാത്രങ്ങള്‍ ഏറെ സ്വപ്നങ്ങളും പ്രത്യാശയും വെച്ചു പുലര്‍ത്തുമ്പോള്‍ തന്നെ ഏകാന്തതയും അശക്തരാണെന്ന ചിന്തയും ഉളവാക്കുന്ന വിഹ്വലതകളില്‍ കഴിയുന്നവരാണ്. ജോര്‍ജിന്റെ ധീരമായ ഇടപെടലുകളെ ഇവര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.  അനിര്‍വചനീയമായ സ്വഭാവ സവിശേഷതയുള്ള ഒരു വ്യക്തി തന്റെ സാമൂഹിക ജീവിതത്തില്‍ ചുറ്റുപാടു നിന്നും നേരിടേണ്ടി വരുന്ന പ്രതിസന്ധികളും നാടകം  ചര്‍ച്ച ചെയ്യുന്നു. നാദിറ സഹീര്‍ ബാബര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നാടക പ്രവര്‍ത്തകരുടെ സാന്നിധ്യവും നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കുന്നുണ്ട്. 
പ്രമേയം ചര്‍ച്ച ആവശ്യപ്പെടുമ്പോഴും 'പിതാവിനും പുത്രനും' സിനിമ വിലക്കപ്പെട്ട കനിയായി തുടരുന്നു
( http://www.deshabhimani.com/special/malayalam-film-pithavum-puthranum-waiting-for-censor-certificate/626894)
പി ആര്‍ ചന്തുകിരണ്‍ Tuesday Feb 28, 2017 

കന്യാസ്ത്രീ ജീവിതത്തിന്റെ നിയന്ത്രണങ്ങള്‍ ഭേദിച്ച് സ്വതന്ത്രരായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു യുവതികളുടെ കഥ പറയുന്ന ചിത്രം 'പിതാവിനും പുത്രനും' സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കു കാരണം പെട്ടിയില്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷം. ടി ദീപേഷ് സംവിധാനം ചെയ്ത ചിത്രമാണ് സെന്‍സര്‍ ബോര്‍ഡ് വിലക്കിയത്. ക്രൈസ്തവ വികാരം വ്രണപ്പെടും എന്ന കാരണമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന് കാരണമായി ബോര്‍ഡ് പറയുന്നത്. 

കണ്ണൂരില്‍ പതിനാറു വയസുകാരി പള്ളിവികാരിയുടെ പീഡനത്തിന് ഇരയായി എന്ന വാര്‍ത്ത കേരളത്തെ നടുക്കിയതിനു പിന്നാലെയാണ് 'പിതാവിനും പുത്രനും' വീണ്ടും സജീവ ചര്‍ച്ചയിലേക്കു വരുന്നത്. പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ പ്രദേശം ഉള്‍പ്പെടുന്ന നാട്ടിലെ രണ്ട് കന്യാസ്ത്രീകളുടെ കഥയാണ് പിതാവിനും പുത്രനും എന്ന സിനിമയിലൂടെ താന്‍ പറഞ്ഞതെന്ന് സംവിധായകന്‍ ടി ദീപേഷ് ദേശാഭിമാനി ഒാണ്‍ലൈനിനോട് പറഞ്ഞു. രണ്ടു യുവതികളുടെ മനോവ്യവഹാരങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. മതത്തിനെതിരല്ല തന്റെ സിനിമ, മതത്തിനുള്ളിലെ തെറ്റായ പ്രവണതകളെ അത് ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍, ചിത്രം മതത്തിന് എതിരാണെന്ന് സംഘടിതമായി പ്രചരിപ്പിക്കുകയാണ് സഭ ഉള്‍പ്പെടെ ചെയ്തതെന്ന് ദീപേഷ് പറയുന്നു.

ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് 200ലേറെ കത്തുകള്‍ സെന്‍സര്‍ ബോര്‍ഡിന് ലഭിച്ചതായാണ് അവര്‍ അവകാശപ്പെടുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് സമര്‍പ്പിച്ച, മറ്റാരും കണ്ടിട്ടില്ലാത്ത ചിത്രത്തിനെതിരെ സംഘടിത നീക്കം നടന്നതായാണ് ഇത് വ്യക്തമാക്കുന്നത്. ദീപേഷ് പറഞ്ഞു. ആമിര്‍ ഖാന്‍ നായകനായ പികെ എന്ന ചിത്രം ഹൈന്ദവ വികാരത്തിന് എതിരാണെന്ന പേരില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സംഘപരിവാറുകാര്‍ 'പിതാവിനും പുത്രനും' സിനിമയുടെ നിരോധനം ചര്‍ച്ചയാക്കിയിരുന്നു.  നിലവില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി തീരുമാനിച്ചാല്‍ 'പിതാവിനും പുത്രനും' സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവും എന്ന് ദീപേഷ് ചൂണ്ടിക്കാട്ടി. അത്തരം ഒരു ശ്രമവും അവരുടെ ഭാഗത്തുനിന്ന് ഇല്ല. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ദീപേഷ് കൂട്ടിച്ചേര്‍ത്തു. 

ശക്തമായ സ്ത്രീപക്ഷ ആശയം ചര്‍ച്ച ചെയ്യുന്ന സിനിമ മതവികാരം വ്രണപ്പെടുത്തുമെന്ന പേരില്‍ മൂടിവെയ്ക്കപ്പെടുകയായിരുന്നു. പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലും 'പിതാവിനും പുത്രനും' ചര്‍ച്ച ആയിട്ടുണ്ട്. ഊഹാപോഹങ്ങളൂടെ പേരില്‍ ഒരു സിനിമ നിരോധിക്കുന്നത് ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ നഗ്നമായ ലംഘനമാണെന്ന് അഭിപ്രായം ശക്തമാണ്.

മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള 2014ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ (അങ്കുരം) സംവിധായകനാണ് ദീപേഷ്. ടൈപ് റൈറ്റര്‍, സേവ്, മുറിവ് തുടങ്ങി ശ്രദ്ധേയമായ ഹ്രസ്വ ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
വ്യാജ പ്രചരണത്തിലൂടെ കുമ്മനം നടപ്പാക്കുന്നത് സംഘപരിവാര്‍ പയറ്റിതെളിഞ്ഞ കലാപതന്ത്രം
( http://www.deshabhimani.com/special/bjp-kerala-state-president-kummanam-rajasekharan-fake-video/644721)
പി ആര്‍ ചന്തുകിരണ്‍  Updated: Wednesday May 17, 2017 




കലാപങ്ങള്‍ക്ക് വഴിമരുന്നിടാനും അവ ആളിക്കത്തിക്കാനും സംഘപരിവാര്‍ ഉപയോഗിക്കുന്ന ഏറ്റവും അപകടകരമായ ആയുധം വ്യാജ പ്രചരണങ്ങളാണ്. സോഷ്യല്‍മീഡിയ വഴി നിമിഷങ്ങള്‍കൊണ്ട് ഒരു പ്രദേശത്തെ ഒന്നാകെ ആയുധമണിയിക്കാന്‍ കഴിയുമെന്ന സാധ്യതയാണ് ഇപ്പോള്‍ സംഘപരിവാരം മുതലെടുക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ കവര്‍ച്ചക്കാരെന്ന് തെറ്റിദ്ധരിച്ച് രണ്ട് യുവാക്കളെ നാട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ ദൃശ്യമാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിനെ ചുട്ടെരിക്കാന്‍ അവര്‍ ഉപയോഗിച്ചത്. രണ്ട് വര്‍ഷം പഴക്കമുള്ള വീഡിയോയാണ് യുപിയിലെ 'കാവല്‍ ഗ്രാമത്തില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടുനോക്കു' എന്ന വിവരണം ചേര്‍ത്ത് പ്രചരിപ്പിച്ചത്. വ്യാജ വീഡിയോ തെറ്റായ വിവരണത്തോടെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതാകട്ടെ സംസ്ഥാനത്തെ ബിജെപിയുടെ ശക്തനായ നേതാവും എംഎല്‍എയുമായ സംഗീത് സോം. 2013ല്‍ നടന്ന കലാപത്തില്‍ ഇരുവിഭാഗത്തില്‍നിന്നുമായി 60 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിനായിരത്തിലേറെ ആളുകള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു.

സമാന രീതിയിലാണ് ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആസൂത്രിതമായി തയാറാക്കിയ വീഡിയോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്നാണ് കുമ്മനം രാജശേഖരന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൌണ്ടുകള്‍ വഴിയും വാട്ട്സ്ആപ്പുവഴിയും വ്യാപകമായി വീഡിയോ പ്രചരിപ്പിച്ചു. കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കമാണ് കുമ്മനം നടത്തിയതെന്ന പരാതി ഉയര്‍ന്നിട്ടും വീഡിയോയുടെ ആധികാരികത തെളിയിക്കാന്‍ കുമ്മനം രാജശേഖരനോ ബിജെപിക്കോ കഴിഞ്ഞില്ല. സംഭവം നടന്നുവെന്ന് തെളിയിക്കുന്ന ഒരു വിവരം പോലും പങ്കുവെയ്ക്കാന്‍ ഇവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് സംഭവത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.  

അണികളെ കൂടുതല്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനും ദേശീയരാഷ്ട്രീയത്തില്‍ സിപിഐ എമ്മിനെതിരെ കുപ്രചാരണം അഴിച്ചുവിടുന്നതിനും കുമ്മനം രാജശേഖരന്‍ ഇത്ര അപകടകരമായ ഒരു രീതി സ്വീകരിച്ചത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്. അക്രമങ്ങള്‍ വ്യാപിപ്പിക്കുകയും ഒപ്പം പ്രത്യേക സൈനിക അധികാര നിയമം എന്ന ആവശ്യം ഉയര്‍ത്തുകയുമാണ് ആര്‍എസ്എസുംബിജെപിയും ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. 

കേരളത്തിലും രാജ്യത്ത് ആകെതന്നെയും ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ നിയമത്തെ വെല്ലുവിളിച്ച ചരിത്രമാണ് സംഘപരിവാറിനുള്ളത്. 1971ലെ തലശ്ശേരി കലാപത്തിന്റെ നിര്‍മ്മിതിയിലും അത് ആളിക്കത്തിക്കുന്നതിനും സംഘപരിവാര്‍ നടത്തിയത് കണക്കില്ലാത്തത്ര വ്യാജ പ്രചരണങ്ങളാണ്. ജഗന്നാഥക്ഷേത്രത്തിലേക്ക് നടന്ന ഘോഷയാത്രയിലേക്ക് നൂര്‍ജഹാന്‍ ഹോട്ടലിനു മുകളില്‍നിന്ന് ആരോ ചെരുപ്പെറിഞ്ഞു എന്ന നുണ പ്രചരിപ്പിച്ചു തുടങ്ങിയ സംഘം പിന്നീട് ഒട്ടേറെ വ്യാജ കഥകള്‍ പ്രചരിപ്പിച്ചു. സ്ത്രീകളെ ബലാത്സംഗം ചെയ്തു, ക്ഷേത്രത്തിലേക്കുപോയ സ്ത്രീയുടെ മുല അരിഞ്ഞു തുടങ്ങി ഒരുകൂട്ടം വ്യാജക്കഥകള്‍ പറഞ്ഞുപരത്തി. കണ്ണൂരിലെ സിപിഐ എം അടക്കമുള്ള രാഷ്ട്രീയ നേതൃത്വവും പൊലീസ് സംവിധാനവും രംഗത്തിറങ്ങിയാണ് വ്യാജ പ്രചരങ്ങളെയും കലാപത്തെയും ചെറുത്തത്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും അന്ന് കാണിച്ച ഉത്തരവാദിത്തബോധത്തെ സംഘപരിവാറിന് ഇന്നും വെല്ലുവിളിക്കാനായിട്ടില്ല എന്നതാണ് കുമ്മനം രാജശേഖരന്റെ കുതന്ത്രത്തെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യുന്നത് വ്യക്തമാക്കുന്നത്.

കേരളത്തിന്റെ ചെറുത്തുനില്‍പ്പിനു മുന്നില്‍ മുട്ടുമടക്കേണ്ടിവന്ന സംഘപരിവാറിന് ഗുജറാത്തിലടക്കം പല സംസ്ഥാനങ്ങളിലും വ്യാജ പ്രചരണങ്ങള്‍ കൊണ്ട് ലക്ഷ്യം കാണാനായിട്ടുണ്ട്. പശുവിന്റെ പേരില്‍പോലും സംഘര്‍ഷങ്ങള്‍ സൃഷ്ട്ടിക്കാനും പശുവിന്റെ മൃതാവശിഷ്ടം ക്ഷേത്ര പരിസരത്ത് വലിച്ചെറിഞ്ഞ് കലാപത്തിന് കോപ്പു കൂട്ടാനും നിരവധി ശ്രമങ്ങളാണ് മറ്റ് സംസ്ഥാനങ്ങളില്‍ നടന്നത്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസത്തിന്റെ പേരുപറഞ്ഞാണ്  മുഹമ്മദ് അഖ്ലാക്കിനെ സംഘപരിവാറുകാര്‍ തല്ലിക്കൊന്നത്. ഇവിടെയെത്തി പ്രകോപനപരമായി സംസാരിച്ച ബിജെപി എംഎല്‍എ സംഗീത് സോം മുസഫര്‍ നഗറില്‍ ചെയ്തത് ആവര്‍ത്തിക്കാന്‍ മടിയില്ലെന്നാണ് പഴയ സംഭവത്തെ പേരെടുത്തു പറയാതെ ഭീഷണി മുഴക്കിയത്. മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഗീത് സോമിനും സുരേഷ് റാണയ്ക്കും താരപരിവേഷമാണ് സംഘപരിവാര്‍ നല്‍കിയത്. ജാമ്യത്തിലറങ്ങിയ ഇരുവരെയും ആഗ്രയില്‍ റാലി സംഘടിപ്പിച്ച് ബിജെപി ആദരിച്ചു.

വീഡിയോ പ്രചരിപ്പച്ചതിന്റെ പേരില്‍ കേസെടുത്താല്‍ ജയിലില്‍പോകാനും മടിയില്ലെന്ന് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനുപിന്നിലും വലിയ ദുഷ്ടലാക്കാണ് വെച്ചുപുലര്‍ത്തുന്നത്. വ്യാജ പ്രചരണത്തിലൂടെ കണ്ണൂരിനെ കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമം പരാജയപ്പെട്ടിട്ടും അറസ്റ്റിലൂടെ സാഹചര്യം വഷളാക്കാനായാല്‍ അതുവഴി നേട്ടം കൊയ്യാം എന്ന ചിന്തയാണ് കുമ്മനത്തെയും കൂട്ടരെയും നയിക്കുന്നത്. 

എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖര്‍ എംപിയും കണ്ണൂര്‍ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വ്യാജ പ്രചരണം ഇതുമായി കൂട്ടിവായിക്കണം. 'കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹവുമായി വിലാപയാത്ര പുറപ്പെടും മുമ്പ് മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ ആംബുലന്‍സും ആശുപത്രിയും തകര്‍ത്തു' എന്ന ട്വീറ്റാണ് രാജീവ് ചന്ദ്രശേഖര്‍ റീട്വീറ്റ് ചെയ്തത്. ഇതിന്റെ ചിത്രങ്ങളും ഉണ്ടായിരുന്നു. ബിജെപി നടത്തിയ ഹര്‍ത്താലില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കും പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആബുലന്‍സിനും നേരെ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് മാര്‍ക്സിസ്റ്റ് ആക്രമണം എന്നപേരില്‍ പ്രചരിപ്പിച്ചത്. വ്യാജ പ്രചരണം പിടിക്കപ്പെട്ടതോടെ രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് പിന്‍വലിച്ചു. 

ആധികാരികത തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിട്ടും വ്യാജ വീഡിയോ പിന്‍വലിക്കാനുള്ള ആര്‍ജ്ജവം കുമ്മനം രാജശേഖരനില്ല. പുതിയ സാഹചര്യത്തെ എങ്ങനെ മുതലെടുക്കാം എന്നതുമാത്രമാണ് അവരുടെ ആലോചനയിലുള്ളത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന പദവിയിലിരുന്ന് നുണപറയാനും പിടിക്കപ്പെട്ടിട്ടും അതാവര്‍ത്തിക്കാനും ഒരു അപമാനവും ഇല്ല എന്നത് അപകടകരമായ വിചാരധാരയാണ് അവര്‍ പിന്തുടരുന്നത് എന്ന പ്രഖ്യാപനമാണ്.
വന്നെത്തുമോ ഓസ്കാര്‍, മധുവും മലയാളവും കാത്തിരിക്കുന്നു
(http://www.deshabhimani.com/special/latest-news/524918)

പി ആര്‍ ചന്തുകിരണ്‍ 

കൊച്ചി > ഓസ്കാര്‍ പുരസ്കാര ചുരുക്കപ്പട്ടികയില്‍ ഇടംനേടി മലയാളത്തില്‍നിന്ന് ഡോ. മധു വാസുദേവന്‍ രചിച്ച നാലു ഗാനങ്ങള്‍. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കുന്ന ആദ്യ മലയാള ഗാനങ്ങളെന്ന അഭിമാനനേട്ടത്തിനാണ് ജലം സിനിമയിലെ ഗാനങ്ങള്‍ അര്‍ഹമായത്. ഇതടക്കം ലോകസിനിമകളില്‍നിന്നുള്ള 74 ഗാനങ്ങളുണ്ട് ചുരുക്കപ്പട്ടികയില്‍.

എസ് സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം പത്മകുമാറാണ് ജലം സംവിധാനംചെയ്തത്. നാലു ഗാനങ്ങളും ഔസേപ്പച്ചന്റെ സംഗീതത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.ഡിസംബര്‍ 11നാണ് 88–ാം ഓസ്കാര്‍ (അക്കാദമി അവാര്‍ഡ്) പുരസ്കാരത്തിനായുള്ള ഒറിജിനല്‍ സോങ്വിഭാഗം ചുരുക്കപ്പട്ടിക പുറത്തുവന്നത്. ഭൂമിയിലെങ്ങാനുമുണ്ടോ..., കൂടുവയ്ക്കാന്‍..., പകല്‍പാതിചാരി..., യാത്രാ മനോരഥമേറും... എന്നിവയാണ് ഗാനങ്ങള്‍. പുരസ്കാരത്തിനായുള്ള അന്തിമപട്ടിക 2016 ജനുവരി 14ന് അറിയാം. ഫെബ്രുവരി 28നാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കുക.

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെയും ജനിച്ചമണ്ണില്‍നിന്ന് കുടിയിറക്കപ്പെടുന്നവരുടെയും പലതരം പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീത്വത്തിന്റെയും പ്രതിരോധമാണ് ജലം എന്ന ചിത്രം. അത്തരത്തില്‍ തീക്ഷ്ണമായ തിരക്കഥയെത്തന്നെ കാവ്യവല്‍ക്കരിക്കുകയായിരുന്നു ജലത്തിലെ ഗാനങ്ങളിലെന്ന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരമുള്‍പ്പെടെ നേടിയ രചയിതാവ് ഡോ. മധു വാസുദേവന്‍ പറയുന്നു.
അഞ്ചുവയസ്സുള്ള പെണ്‍കുട്ടി മുതിര്‍ന്ന്, അഞ്ചുവയസ്സുള്ള ആണ്‍കുട്ടിയുടെ അമ്മയാകുന്നതുവരെയുള്ള ജീവിതമാണ് ജലം ആവിഷ്കരിക്കുന്നത്. ഇതിനിടയിലെ പ്രതിസന്ധികളും ദുരന്തങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ജലത്തിലെ നാലു ഗാനവും. സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്തവന്റെയും സ്വന്തമായി വീടില്ലാത്തവന്റെയും വ്യഥയുണ്ട് 'കൂടുവയ്ക്കാന്‍ കൊതികൊണ്ടോ ഏതോ കൂട്ടില്‍ വളര്‍ന്നൊരു പക്ഷി' എന്ന ഗാനത്തില്‍. 
പ്രതീക്ഷകളുടെ മനോരഥത്തിലുള്ള യാത്രയാണ് 'യാത്രാ മനോരഥമേറും' എന്ന ഗാനം പങ്കുവയ്ക്കുന്നത്. ഭൂമിയില്‍ ദുഃഖമില്ലാത്തവരുണ്ടോയെന്ന അന്വേഷണവും അതിനു കണ്ടെത്തുന്ന ഉത്തരവുമാണ് ഭൂമിയിലെങ്ങാനുമുണ്ടോ... എന്ന ഗാനം. പാലത്തിനുകീഴില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിടത്ത് ഒറ്റപ്പെട്ട് നിസ്സഹായരായി ജീവിക്കുന്നവരെ കാട്ടിത്തരുന്നുണ്ട് പകല്‍പാതിചാരി... എന്ന ഗാനം. 

തിരുവമ്പാടി തമ്പാന്‍, കര്‍മയോദ്ധ, നടന്‍,  സര്‍ സി പി, കനല്‍, സാള്‍ട്ട് മാംഗോ ട്രീ എന്നീ സിനിമകളിലും മധു വാസുദേവന്‍ ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. നടനിലെ “'ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’' എന്ന ഗാനത്തിന്  സംസ്ഥാന സര്‍ക്കാരിന്റെ‚ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചു.  മഹാരാജാസ് കോളേജില്‍ ഹിന്ദിവിഭാഗം പ്രൊഫസറാണ്.
Deshabhimani, Friday Dec 18, 2015 

Saturday, February 17, 2018

മുസ്ലീമല്ലെന്ന് വിളിച്ചുപറഞ്ഞിട്ടും ലൈംഗികമായി ആക്രമിക്കപ്പെട്ടു, അദ്വാനിയോട് പരാതിപ്പെട്ടപ്പോള്‍  മധുരം കഴിക്കാന്‍ പറഞ്ഞു';ബാബ്‌റി മസ്‌ജിദ് ധ്വംസനത്തിന് ദൃക്‌സാക്ഷിയായ മാധ്യമപ്രവര്‍ത്തക Ruchira Gupta 

പി ആര്‍ ചന്തുകിരണ്‍

മതനിരപേക്ഷ ഇന്ത്യയുടെ താഴികക്കുടങ്ങള്‍ തകര്‍ത്ത ഡിസംബര്‍ ആറിന് 25 വര്‍ഷങ്ങള്‍ക്കിപ്പുറം ബാബ്റി മസ്ജിദ് ധ്വംസനത്തിന് ദൃക്സാക്ഷികളായ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു. കാല്‍ നുറ്റാണ്ടിനിപ്പുറവും ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്ന കര്‍സേവ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ ക്രൂരമായ ആക്രമണത്തിനാണ് ഇരയായത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ലൈംഗിക അതിക്രമങ്ങളാണ് ഉണ്ടായത്. ബാബ്റി മസ്ജിദില്‍ തിങ്ങിനിറഞ്ഞ കര്‍സേവകര്‍ക്കിടയില്‍പ്പെട്ടുപോയ ബിസിനസ് ഇന്ത്യ ലേഖിക രുചിരാ ഗുപ്തയ്ക്കുനേരെ കടുത്ത അതിക്രമങ്ങള്‍അരങ്ങേറി. ബാബ്റി മസ്ജിദ് തകര്‍ക്കാനെത്തിയവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ക്കൊപ്പം അശ്ലീല മുദ്രാവാക്യങ്ങളും  മുഴക്കിയിരുനെന്ന് രുചിരാ ഗുപ്ത ഓര്‍ക്കുന്നു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ബാബ്റി മസ്ജിദ് ധ്വംസനം റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'ബാബ്റി മസ്ജിദിനുള്ളില്‍ എന്തു നടക്കുന്നു എന്ന് മനസിലാക്കാനാണ് ഉള്ളിലേക്ക് കയറിയത്. കര്‍സേവകര്‍ തിങ്ങിനിറഞ്ഞ പള്ളിക്കുള്ളിലൂടെ നടക്കവെയാണ് ആള്‍ക്കൂട്ടം മുസ്ലിം എന്ന് ആക്രോശിച്ച് തന്‍റെ നേരെ തിരിഞ്ഞത്. നാലുഭാഗത്തുനിന്നു പാഞ്ഞെത്തിയവര്‍ മര്‍ദ്ദിച്ചു. മരണം മുന്നില്‍കണ്ട നിമിഷത്തില്‍ താന്‍ മുസ്ലിമല്ലെന്നും പേര് രുചിരാ ഗുപ്ത എന്നാണെന്നും വിളിച്ചുപറഞ്ഞു. ശാരീരികമായും ലൈംഗികമായും ആക്രമിക്കപ്പെട്ടു. എന്‍റെ ഷര്‍ട്ടിന്‍റെ ബട്ടണുകള്‍ പൊട്ടി, ഷര്‍ട്ട് കീറി. ചിലരുടെ സഹായത്തോടെയാണ് അക്രമികളുടെ കയ്യില്‍നിന്ന് രക്ഷപെട്ടത്.' രുചിരാ ഗുപ്ത പറഞ്ഞു. 

അകലെയുള്ള പന്തലില്‍നിന്ന് സംഭവവികാസങ്ങള്‍ വീക്ഷിക്കുന്ന എല്‍ കെ അദ്വാനിയുടെ അടുത്തെത്തി മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നൊരു ഇതിഹാസ ദിനമാണെന്നും ചിലര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പ്രാധാന്യമില്ലെന്നുമായിരുന്നു അദ്വാനിയുടെ മറുപടി. ബൈനോക്കുഴലിലൂടെ നിരീക്ഷിക്കുന്നതിനിടെ അദ്ദേഹം മധുരം കഴിക്കാനും ആവശ്യപ്പെട്ടു. ബൈനോക്കുഴലിലൂടെ എന്താണ് കാണുന്നതെന്ന തന്‍റെ ചോദ്യത്തിന് മസ്ജിദിനു ചുറ്റുവട്ടത്തുള്ള മുസ്ലിം ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയതാണ് കാണുന്നതെന്ന ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് കേന്ദ്ര സുരക്ഷാ സേനകളുടെ കൂടുതല്‍ ബറ്റാലിയനുകള്‍ അയോധ്യയിലേക്ക് തിരിച്ചിട്ടുണ്ടെന്നും അവര്‍ ഇവിടെ എത്താതെ പ്രതിരോധിക്കണമെന്നും അദ്വാനി ഉച്ചഭാഷിണിയിലൂടെ കര്‍സേവകരോട് ആജ്ഞാപിച്ചു. ഉമാഭാരതി, മുരളീമനോഹര്‍ ജോഷി തുടങ്ങിയവരും അവിടെ ഉണ്ടായിരുന്നു.
അയോധ്യയില്‍ അന്ന് എന്താണ് നടന്നതെന്ന് ഡല്‍ഹിയിലെത്തി ദൂരദര്‍ശനിലൂടെയും പിന്നീട് ബാബ്റി ട്രൈബ്യൂണലിനും പ്രസ്കൗണ്‍സിലിലും അവസാനം ലിബര്‍ഹാന്‍ കമീഷനിലും വ്യക്തമാക്കി. ഇതോടെ ഫോണിലൂടെയും നേരിട്ടും ഭീഷണികളുടെയും അശ്ലീല സന്ദേശങ്ങളൂടെയും പ്രവാഹമായിരുന്നു. അക്രമികള്‍ എന്‍റെ കാറ് തകര്‍ത്തു. എഡിറ്റര്‍മാര്‍ക്കും ഭീഷണികള്‍ എത്തി. ഒപ്പം വ്യക്തിപരമായി അധിക്ഷേപിക്കാനും ശ്രമങ്ങളുണ്ടായി. ബാബ്റി ട്രിബ്യൂണലിലും ലിബര്‍ഹാന്‍ കമീഷനിലും ബിജെപി, ആര്‍എസ്എസ്, ബംജ്റംഗദള്‍, വിഎച്ച്പി അഭിഭാഷകരുടെ ചോദ്യങ്ങളും ഇത്തരത്തിലുള്ളതായിരുന്നു. 'അതിക്രമത്തിനിടെ നിങ്ങളുടെ വസ്ത്രം കീറിയതായി നിങ്ങള്‍ പറഞ്ഞു, ആ അവസ്ഥയില്‍ നല്ല കുടുംബത്തില്‍പ്പിറന്ന സ്ത്രീയായ നിങ്ങള്‍ക്ക് അദ്വാനിയെപ്പോലൊരും പ്രമുഖ നേതാവിന്‍റെ മുന്നില്‍ എങ്ങനെ പോകാനായി' - എന്നിങ്ങനെയായിരുന്നു ചോദ്യങ്ങളെന്ന് രുചിരാ ഗുപ്ത പറഞ്ഞു.

ബിബിസി ലേഖകന്‍ മാര്‍ക്ക് ടൂളി, ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക സീമ ചിസ്തി, ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ ജയിന്‍ തുടങ്ങി നിരവധി മാധ്യമ പ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

പി ആര്‍ ചന്തുകിരണ്‍ (http://www.deshabhimani.com/news/national/ruchira-gupta-an-eye-witness-to-babri-masjid-demolition/691133)

Wednesday, June 21, 2017

'ഇറോം ഷര്‍മിള'യാണ് ശരി


മണിപ്പൂരില്‍ സായുധസേനയ്ക്ക് സമാധാന പാലനത്തിനായി അനുവദിച്ചുനല്‍കിയ പ്രത്യേക അധികാരങ്ങളുടെ മറവില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒരു ജനത സമരത്തിലാണ്. രാജ്യത്തിന്റെ സമാധാനവും നിലനില്‍പ്പും അപകടത്തിലാകുംവിധം ഉണ്ടാകുന്ന വിഘടന തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാനായാണ് 1958 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌സായുധസേന പ്രത്യേക അധികാരനിയമം (അഫ്‌സ്പ) പാസാക്കിയത്. അത്തരത്തില്‍ വിഘടനവാദികളാല്‍ കലാപകലുഷിതമായ വടുക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാനാണ് അരുണാചല്‍പ്രദേശ്, ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലന്റ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സായുധനിയമം നടപ്പാക്കിയത്. പിന്നീട് ഇത് ജമ്മു-കശ്മീരിലും ബാധകമാക്കി. ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ടിലേറെ വര്‍ഷങ്ങളായി നിരാഹാരത്തിലാണ് ഇറോം ഷര്‍മിള എന്ന യുവതി. ലഭ്യമായ അമിതാധികാരത്തില്‍ മത്തുപിടിച്ച് നിരപരാധികളെ നിര്‍ദാക്ഷിണ്യം ചുട്ടുകൊല്ലുന്ന സായുധസേനയ്‌ക്കെതിരെ അനേകം മനുഷ്യാവകാശ സംഘടനകളും ജനത ആകെതന്നെയും പ്രതിഷേധത്തിലാണ്. ഈ പ്രതിഷേധങ്ങള്‍ ന്യായമാണെന്നാണ് സുപ്രിംകോടതി നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്റെയും നിരീക്ഷണം.

''വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി പ്രാബല്യത്തില്‍ വരുത്തിയ സായുധസേന പ്രത്യേക അധികാരനിയമം (അഫ്‌സ്പ) അതിന്റെ പ്രധാന ലക്ഷ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. വിവാദനിയമത്തിന്റെ മറവില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണുണ്ടായത്. നിയമത്തിന്റെ അന്തസത്തയെ തന്നെ കളങ്കപ്പെടുത്തി, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമാണ് നടന്നത്'' എന്നാണ് റിട്ടയേര്‍ഡ് ജഡ്ജ് സന്തോഷ് ഹെഗ്‌ഡെ, മുന്‍ ഇലക്ഷന്‍ കമ്മിഷന്‍ ജെ എം ലിങ്‌ദോ, റിട്ടയേര്‍ഡ് ഐ പി എസ് ഓഫീസര്‍ എ കെ സിങ് എന്നിവരടങ്ങിയ അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.
അന്വേഷണവിധേയമാക്കിയ ആറ് ഏറ്റുമുട്ടല്‍ക്കേസുകളില്‍ ഇവയൊന്നും തന്നെ യാഥാര്‍ഥ്യമല്ലെന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്. പരമാവധി സായുധശക്തി ഉപയോഗിച്ച് ആളുകളെ കൊന്നൊടുക്കുകയാണ് ഉണ്ടായത്. സംശയത്തിന്റെ നിഴലിലാവുന്ന ആളുകളെ വിചാരണകളില്ലാതെ കൊലചെയ്യാന്‍ പോലും സൈന്യത്തിന് അനുവാദം നല്‍കുന്നതാണ് നിയമം. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ ഒരു നിയമത്തിനുകീഴില്‍ പൗരന് യാതൊരുവിധ സംരക്ഷണവും ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. വളരെ ശക്തവും അപകടകരവുമായ അധികാരങ്ങള്‍ നല്‍കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് പരമപ്രധാനമാണ്. എന്നാല്‍ മണിപ്പൂരില്‍ സ്ഥിതി മറിച്ചാണ്. നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് പര്യാപ്തമായ സംവിധാനങ്ങള്‍ ഒന്നും ഇവിടെ ഇല്ല എന്നതാണ് വാസ്തവം എന്നും 100 പേജോളം വരുന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

കാലങ്ങളായി സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മുറവിളി ഒരിക്കല്‍പോലും അധികാരവര്‍ഗത്തിന്റെ ദന്തഗോപുരങ്ങളിലേക്ക് എത്തിയില്ല. നൂറുകണക്കിന് നിരപരാധികള്‍ പിടഞ്ഞുവീണ് മരിച്ചു. അനേകം സ്ത്രീകള്‍ സൈന്യത്തിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായി. സ്ത്രീപീഡനങ്ങളെ ചോദ്യം ചെയ്യുന്നവര്‍ തീവ്രവാദികളും വിഘടനവാദികളുമായി മുദ്രകുത്തപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകളില്‍ സൈന്യം ഇവര്‍ക്കെതിരെ 'നിയമം' നടപ്പാക്കി. ഇത്തരത്തില്‍ ഒരു സാധാരണ ദിനമായിരുന്നു 2000 നവംബര്‍ 2-ാം തീയതിയും മണിപ്പൂരിന്. മണിപ്പൂരിലെ ഇംഫാല്‍ താഴ്‌വരയില്‍ മാലോമില്‍ ബസ് കാത്തുനിന്നവര്‍ക്കുനേരെ അര്‍ധസൈനിക വിഭാഗമായ ആസാം റൈഫില്‍സ് വെടി ഉതിര്‍ത്തു. മരിച്ചുവീണവരില്‍ വൃദ്ധരായ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇവര്‍ ചെയ്ത 'രാജ്യവിരുദ്ധ പ്രവര്‍ത്തനം' എന്താണെന്ന് ഇന്നും ആര്‍ക്കും അറിയില്ല.

മനുഷ്യാവകാശ സംഘടനയുടെ മുറവിളി തീര്‍ത്ത പ്രഹസനങ്ങള്‍ക്ക് ആരും ചെവിനല്‍കിയില്ല. ഈ ദാരുണ കൂട്ടക്കൊലയാണ് ഇറോം ഷര്‍മിള ചാനു എന്ന യുവതിയില്‍ മാറ്റത്തിന്റെ കൊടുംങ്കാറ്റ് വിതച്ചത്. മനുഷ്യനെ കൂട്ടക്കുരുതിചെയ്യുന്ന ക്രൂരനിയമത്തില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് 2000 നവംബര്‍ 4 ന് ഇറോം ഷര്‍മിള നിരാഹാരസമരം ആരംഭിച്ചു. നിരാഹാരസമരത്തില്‍ തീവ്രവാദം കണ്ടെത്താന്‍ കഴിയാതിരുന്ന സൈന്യം ഷര്‍മിളയെ വെറുതെവിട്ടു. മൂന്നാം ദിവസം ആത്മഹത്യാശ്രമത്തിന് പൊലീസ് ഷര്‍മിളയെ അറസ്റ്റ് ചെയ്തു. അന്നുമുതല്‍ ഇന്നുവരെ പൊലീസ് കസ്റ്റഡിയിലാണ് ഷര്‍മിള. ആഹാരം ദ്രവരൂപത്തില്‍ ട്യൂബിലൂടെ നിര്‍ബന്ധിച്ച് നല്‍കുന്നു.
ക്രൂരനിയമം നരകമാക്കിയ ചുറ്റുപാടില്‍ ജീവിതത്തിന്റെ വസന്തകാലം സമൂഹത്തിനായി ബലികഴിച്ച പെണ്‍കുട്ടി. അവള്‍ മണിപ്പൂരിന്റെ 'ഉരുക്കുവനിത' ആയി. ലോകവും രാജ്യവും ഇറോം ഷര്‍മിളയിലൂടെ മണിപ്പൂരിനെ ചര്‍ച്ചചെയ്തു. മണിപ്പൂരില്‍ ജനാധിപത്യ അവകാശങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പ്പിക്കപ്പെടുന്നില്ലെന്ന് ലോകം അറിഞ്ഞു. അധികാര കേന്ദ്രങ്ങള്‍ക്ക് പലപ്പോഴും ഉത്തരങ്ങള്‍ ഇല്ലാതെയായി.

ഇറോം ഷര്‍മിളയെ തീവ്രവാദിയാക്കാന്‍ കഴിഞ്ഞില്ല എന്നതിനാല്‍ ഷര്‍മിളയുടെ പ്രണയം പോലും ആഘോഷിക്കാനും പ്രതിഷേധത്തിന്റെ ജനപിന്തുണ തകര്‍ക്കാനും ശ്രമമുണ്ടായി. ഭരണവര്‍ഗത്തിന്റെ തന്ത്രങ്ങള്‍ ഏതും ഏറ്റില്ല. വിവിധ രാഷ്ട്രീയ കക്ഷികള്‍ ഷര്‍മിളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങളും ഇന്ത്യയുടെ പൊതുവികാരവും ഇറോം ഷര്‍മിളയെ തേടിയെത്തി.

ദുരിതങ്ങളും അപവാദങ്ങളും തരണം ചെയ്ത് സ്വജീവിതം സമൂഹനന്മയ്ക്കായി സമര്‍പ്പിച്ച 'ഇറോം ഷര്‍മിളയാണ് ശരി' എന്നതാണ് സമീപകാല അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടും ഒരു ജനത മുഴുവനും നല്‍കുന്ന അംഗീകാരവും സംശയങ്ങള്‍ക്കിടയില്ലാതെ വെളിവാക്കുന്നത്.




janayugom Daily 26 july 2013