Wednesday, April 18, 2018

വ്യാജ പ്രചരണത്തിലൂടെ കുമ്മനം നടപ്പാക്കുന്നത് സംഘപരിവാര്‍ പയറ്റിതെളിഞ്ഞ കലാപതന്ത്രം
( http://www.deshabhimani.com/special/bjp-kerala-state-president-kummanam-rajasekharan-fake-video/644721)
പി ആര്‍ ചന്തുകിരണ്‍  Updated: Wednesday May 17, 2017 




കലാപങ്ങള്‍ക്ക് വഴിമരുന്നിടാനും അവ ആളിക്കത്തിക്കാനും സംഘപരിവാര്‍ ഉപയോഗിക്കുന്ന ഏറ്റവും അപകടകരമായ ആയുധം വ്യാജ പ്രചരണങ്ങളാണ്. സോഷ്യല്‍മീഡിയ വഴി നിമിഷങ്ങള്‍കൊണ്ട് ഒരു പ്രദേശത്തെ ഒന്നാകെ ആയുധമണിയിക്കാന്‍ കഴിയുമെന്ന സാധ്യതയാണ് ഇപ്പോള്‍ സംഘപരിവാരം മുതലെടുക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ കവര്‍ച്ചക്കാരെന്ന് തെറ്റിദ്ധരിച്ച് രണ്ട് യുവാക്കളെ നാട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ ദൃശ്യമാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിനെ ചുട്ടെരിക്കാന്‍ അവര്‍ ഉപയോഗിച്ചത്. രണ്ട് വര്‍ഷം പഴക്കമുള്ള വീഡിയോയാണ് യുപിയിലെ 'കാവല്‍ ഗ്രാമത്തില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടുനോക്കു' എന്ന വിവരണം ചേര്‍ത്ത് പ്രചരിപ്പിച്ചത്. വ്യാജ വീഡിയോ തെറ്റായ വിവരണത്തോടെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതാകട്ടെ സംസ്ഥാനത്തെ ബിജെപിയുടെ ശക്തനായ നേതാവും എംഎല്‍എയുമായ സംഗീത് സോം. 2013ല്‍ നടന്ന കലാപത്തില്‍ ഇരുവിഭാഗത്തില്‍നിന്നുമായി 60 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിനായിരത്തിലേറെ ആളുകള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു.

സമാന രീതിയിലാണ് ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആസൂത്രിതമായി തയാറാക്കിയ വീഡിയോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്നാണ് കുമ്മനം രാജശേഖരന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൌണ്ടുകള്‍ വഴിയും വാട്ട്സ്ആപ്പുവഴിയും വ്യാപകമായി വീഡിയോ പ്രചരിപ്പിച്ചു. കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കമാണ് കുമ്മനം നടത്തിയതെന്ന പരാതി ഉയര്‍ന്നിട്ടും വീഡിയോയുടെ ആധികാരികത തെളിയിക്കാന്‍ കുമ്മനം രാജശേഖരനോ ബിജെപിക്കോ കഴിഞ്ഞില്ല. സംഭവം നടന്നുവെന്ന് തെളിയിക്കുന്ന ഒരു വിവരം പോലും പങ്കുവെയ്ക്കാന്‍ ഇവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് സംഭവത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.  

അണികളെ കൂടുതല്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനും ദേശീയരാഷ്ട്രീയത്തില്‍ സിപിഐ എമ്മിനെതിരെ കുപ്രചാരണം അഴിച്ചുവിടുന്നതിനും കുമ്മനം രാജശേഖരന്‍ ഇത്ര അപകടകരമായ ഒരു രീതി സ്വീകരിച്ചത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്. അക്രമങ്ങള്‍ വ്യാപിപ്പിക്കുകയും ഒപ്പം പ്രത്യേക സൈനിക അധികാര നിയമം എന്ന ആവശ്യം ഉയര്‍ത്തുകയുമാണ് ആര്‍എസ്എസുംബിജെപിയും ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. 

കേരളത്തിലും രാജ്യത്ത് ആകെതന്നെയും ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ നിയമത്തെ വെല്ലുവിളിച്ച ചരിത്രമാണ് സംഘപരിവാറിനുള്ളത്. 1971ലെ തലശ്ശേരി കലാപത്തിന്റെ നിര്‍മ്മിതിയിലും അത് ആളിക്കത്തിക്കുന്നതിനും സംഘപരിവാര്‍ നടത്തിയത് കണക്കില്ലാത്തത്ര വ്യാജ പ്രചരണങ്ങളാണ്. ജഗന്നാഥക്ഷേത്രത്തിലേക്ക് നടന്ന ഘോഷയാത്രയിലേക്ക് നൂര്‍ജഹാന്‍ ഹോട്ടലിനു മുകളില്‍നിന്ന് ആരോ ചെരുപ്പെറിഞ്ഞു എന്ന നുണ പ്രചരിപ്പിച്ചു തുടങ്ങിയ സംഘം പിന്നീട് ഒട്ടേറെ വ്യാജ കഥകള്‍ പ്രചരിപ്പിച്ചു. സ്ത്രീകളെ ബലാത്സംഗം ചെയ്തു, ക്ഷേത്രത്തിലേക്കുപോയ സ്ത്രീയുടെ മുല അരിഞ്ഞു തുടങ്ങി ഒരുകൂട്ടം വ്യാജക്കഥകള്‍ പറഞ്ഞുപരത്തി. കണ്ണൂരിലെ സിപിഐ എം അടക്കമുള്ള രാഷ്ട്രീയ നേതൃത്വവും പൊലീസ് സംവിധാനവും രംഗത്തിറങ്ങിയാണ് വ്യാജ പ്രചരങ്ങളെയും കലാപത്തെയും ചെറുത്തത്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും അന്ന് കാണിച്ച ഉത്തരവാദിത്തബോധത്തെ സംഘപരിവാറിന് ഇന്നും വെല്ലുവിളിക്കാനായിട്ടില്ല എന്നതാണ് കുമ്മനം രാജശേഖരന്റെ കുതന്ത്രത്തെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യുന്നത് വ്യക്തമാക്കുന്നത്.

കേരളത്തിന്റെ ചെറുത്തുനില്‍പ്പിനു മുന്നില്‍ മുട്ടുമടക്കേണ്ടിവന്ന സംഘപരിവാറിന് ഗുജറാത്തിലടക്കം പല സംസ്ഥാനങ്ങളിലും വ്യാജ പ്രചരണങ്ങള്‍ കൊണ്ട് ലക്ഷ്യം കാണാനായിട്ടുണ്ട്. പശുവിന്റെ പേരില്‍പോലും സംഘര്‍ഷങ്ങള്‍ സൃഷ്ട്ടിക്കാനും പശുവിന്റെ മൃതാവശിഷ്ടം ക്ഷേത്ര പരിസരത്ത് വലിച്ചെറിഞ്ഞ് കലാപത്തിന് കോപ്പു കൂട്ടാനും നിരവധി ശ്രമങ്ങളാണ് മറ്റ് സംസ്ഥാനങ്ങളില്‍ നടന്നത്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസത്തിന്റെ പേരുപറഞ്ഞാണ്  മുഹമ്മദ് അഖ്ലാക്കിനെ സംഘപരിവാറുകാര്‍ തല്ലിക്കൊന്നത്. ഇവിടെയെത്തി പ്രകോപനപരമായി സംസാരിച്ച ബിജെപി എംഎല്‍എ സംഗീത് സോം മുസഫര്‍ നഗറില്‍ ചെയ്തത് ആവര്‍ത്തിക്കാന്‍ മടിയില്ലെന്നാണ് പഴയ സംഭവത്തെ പേരെടുത്തു പറയാതെ ഭീഷണി മുഴക്കിയത്. മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഗീത് സോമിനും സുരേഷ് റാണയ്ക്കും താരപരിവേഷമാണ് സംഘപരിവാര്‍ നല്‍കിയത്. ജാമ്യത്തിലറങ്ങിയ ഇരുവരെയും ആഗ്രയില്‍ റാലി സംഘടിപ്പിച്ച് ബിജെപി ആദരിച്ചു.

വീഡിയോ പ്രചരിപ്പച്ചതിന്റെ പേരില്‍ കേസെടുത്താല്‍ ജയിലില്‍പോകാനും മടിയില്ലെന്ന് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനുപിന്നിലും വലിയ ദുഷ്ടലാക്കാണ് വെച്ചുപുലര്‍ത്തുന്നത്. വ്യാജ പ്രചരണത്തിലൂടെ കണ്ണൂരിനെ കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമം പരാജയപ്പെട്ടിട്ടും അറസ്റ്റിലൂടെ സാഹചര്യം വഷളാക്കാനായാല്‍ അതുവഴി നേട്ടം കൊയ്യാം എന്ന ചിന്തയാണ് കുമ്മനത്തെയും കൂട്ടരെയും നയിക്കുന്നത്. 

എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖര്‍ എംപിയും കണ്ണൂര്‍ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വ്യാജ പ്രചരണം ഇതുമായി കൂട്ടിവായിക്കണം. 'കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹവുമായി വിലാപയാത്ര പുറപ്പെടും മുമ്പ് മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ ആംബുലന്‍സും ആശുപത്രിയും തകര്‍ത്തു' എന്ന ട്വീറ്റാണ് രാജീവ് ചന്ദ്രശേഖര്‍ റീട്വീറ്റ് ചെയ്തത്. ഇതിന്റെ ചിത്രങ്ങളും ഉണ്ടായിരുന്നു. ബിജെപി നടത്തിയ ഹര്‍ത്താലില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കും പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആബുലന്‍സിനും നേരെ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് മാര്‍ക്സിസ്റ്റ് ആക്രമണം എന്നപേരില്‍ പ്രചരിപ്പിച്ചത്. വ്യാജ പ്രചരണം പിടിക്കപ്പെട്ടതോടെ രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് പിന്‍വലിച്ചു. 

ആധികാരികത തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിട്ടും വ്യാജ വീഡിയോ പിന്‍വലിക്കാനുള്ള ആര്‍ജ്ജവം കുമ്മനം രാജശേഖരനില്ല. പുതിയ സാഹചര്യത്തെ എങ്ങനെ മുതലെടുക്കാം എന്നതുമാത്രമാണ് അവരുടെ ആലോചനയിലുള്ളത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന പദവിയിലിരുന്ന് നുണപറയാനും പിടിക്കപ്പെട്ടിട്ടും അതാവര്‍ത്തിക്കാനും ഒരു അപമാനവും ഇല്ല എന്നത് അപകടകരമായ വിചാരധാരയാണ് അവര്‍ പിന്തുടരുന്നത് എന്ന പ്രഖ്യാപനമാണ്.

No comments:

Post a Comment