Wednesday, April 18, 2018

വന്നെത്തുമോ ഓസ്കാര്‍, മധുവും മലയാളവും കാത്തിരിക്കുന്നു
(http://www.deshabhimani.com/special/latest-news/524918)

പി ആര്‍ ചന്തുകിരണ്‍ 

കൊച്ചി > ഓസ്കാര്‍ പുരസ്കാര ചുരുക്കപ്പട്ടികയില്‍ ഇടംനേടി മലയാളത്തില്‍നിന്ന് ഡോ. മധു വാസുദേവന്‍ രചിച്ച നാലു ഗാനങ്ങള്‍. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കുന്ന ആദ്യ മലയാള ഗാനങ്ങളെന്ന അഭിമാനനേട്ടത്തിനാണ് ജലം സിനിമയിലെ ഗാനങ്ങള്‍ അര്‍ഹമായത്. ഇതടക്കം ലോകസിനിമകളില്‍നിന്നുള്ള 74 ഗാനങ്ങളുണ്ട് ചുരുക്കപ്പട്ടികയില്‍.

എസ് സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം പത്മകുമാറാണ് ജലം സംവിധാനംചെയ്തത്. നാലു ഗാനങ്ങളും ഔസേപ്പച്ചന്റെ സംഗീതത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.ഡിസംബര്‍ 11നാണ് 88–ാം ഓസ്കാര്‍ (അക്കാദമി അവാര്‍ഡ്) പുരസ്കാരത്തിനായുള്ള ഒറിജിനല്‍ സോങ്വിഭാഗം ചുരുക്കപ്പട്ടിക പുറത്തുവന്നത്. ഭൂമിയിലെങ്ങാനുമുണ്ടോ..., കൂടുവയ്ക്കാന്‍..., പകല്‍പാതിചാരി..., യാത്രാ മനോരഥമേറും... എന്നിവയാണ് ഗാനങ്ങള്‍. പുരസ്കാരത്തിനായുള്ള അന്തിമപട്ടിക 2016 ജനുവരി 14ന് അറിയാം. ഫെബ്രുവരി 28നാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കുക.

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെയും ജനിച്ചമണ്ണില്‍നിന്ന് കുടിയിറക്കപ്പെടുന്നവരുടെയും പലതരം പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീത്വത്തിന്റെയും പ്രതിരോധമാണ് ജലം എന്ന ചിത്രം. അത്തരത്തില്‍ തീക്ഷ്ണമായ തിരക്കഥയെത്തന്നെ കാവ്യവല്‍ക്കരിക്കുകയായിരുന്നു ജലത്തിലെ ഗാനങ്ങളിലെന്ന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരമുള്‍പ്പെടെ നേടിയ രചയിതാവ് ഡോ. മധു വാസുദേവന്‍ പറയുന്നു.
അഞ്ചുവയസ്സുള്ള പെണ്‍കുട്ടി മുതിര്‍ന്ന്, അഞ്ചുവയസ്സുള്ള ആണ്‍കുട്ടിയുടെ അമ്മയാകുന്നതുവരെയുള്ള ജീവിതമാണ് ജലം ആവിഷ്കരിക്കുന്നത്. ഇതിനിടയിലെ പ്രതിസന്ധികളും ദുരന്തങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ജലത്തിലെ നാലു ഗാനവും. സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്തവന്റെയും സ്വന്തമായി വീടില്ലാത്തവന്റെയും വ്യഥയുണ്ട് 'കൂടുവയ്ക്കാന്‍ കൊതികൊണ്ടോ ഏതോ കൂട്ടില്‍ വളര്‍ന്നൊരു പക്ഷി' എന്ന ഗാനത്തില്‍. 
പ്രതീക്ഷകളുടെ മനോരഥത്തിലുള്ള യാത്രയാണ് 'യാത്രാ മനോരഥമേറും' എന്ന ഗാനം പങ്കുവയ്ക്കുന്നത്. ഭൂമിയില്‍ ദുഃഖമില്ലാത്തവരുണ്ടോയെന്ന അന്വേഷണവും അതിനു കണ്ടെത്തുന്ന ഉത്തരവുമാണ് ഭൂമിയിലെങ്ങാനുമുണ്ടോ... എന്ന ഗാനം. പാലത്തിനുകീഴില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിടത്ത് ഒറ്റപ്പെട്ട് നിസ്സഹായരായി ജീവിക്കുന്നവരെ കാട്ടിത്തരുന്നുണ്ട് പകല്‍പാതിചാരി... എന്ന ഗാനം. 

തിരുവമ്പാടി തമ്പാന്‍, കര്‍മയോദ്ധ, നടന്‍,  സര്‍ സി പി, കനല്‍, സാള്‍ട്ട് മാംഗോ ട്രീ എന്നീ സിനിമകളിലും മധു വാസുദേവന്‍ ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. നടനിലെ “'ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’' എന്ന ഗാനത്തിന്  സംസ്ഥാന സര്‍ക്കാരിന്റെ‚ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചു.  മഹാരാജാസ് കോളേജില്‍ ഹിന്ദിവിഭാഗം പ്രൊഫസറാണ്.
Deshabhimani, Friday Dec 18, 2015 

No comments:

Post a Comment