Wednesday, April 18, 2018

പ്രമേയം ചര്‍ച്ച ആവശ്യപ്പെടുമ്പോഴും 'പിതാവിനും പുത്രനും' സിനിമ വിലക്കപ്പെട്ട കനിയായി തുടരുന്നു
( http://www.deshabhimani.com/special/malayalam-film-pithavum-puthranum-waiting-for-censor-certificate/626894)
പി ആര്‍ ചന്തുകിരണ്‍ Tuesday Feb 28, 2017 

കന്യാസ്ത്രീ ജീവിതത്തിന്റെ നിയന്ത്രണങ്ങള്‍ ഭേദിച്ച് സ്വതന്ത്രരായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു യുവതികളുടെ കഥ പറയുന്ന ചിത്രം 'പിതാവിനും പുത്രനും' സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കു കാരണം പെട്ടിയില്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷം. ടി ദീപേഷ് സംവിധാനം ചെയ്ത ചിത്രമാണ് സെന്‍സര്‍ ബോര്‍ഡ് വിലക്കിയത്. ക്രൈസ്തവ വികാരം വ്രണപ്പെടും എന്ന കാരണമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന് കാരണമായി ബോര്‍ഡ് പറയുന്നത്. 

കണ്ണൂരില്‍ പതിനാറു വയസുകാരി പള്ളിവികാരിയുടെ പീഡനത്തിന് ഇരയായി എന്ന വാര്‍ത്ത കേരളത്തെ നടുക്കിയതിനു പിന്നാലെയാണ് 'പിതാവിനും പുത്രനും' വീണ്ടും സജീവ ചര്‍ച്ചയിലേക്കു വരുന്നത്. പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ പ്രദേശം ഉള്‍പ്പെടുന്ന നാട്ടിലെ രണ്ട് കന്യാസ്ത്രീകളുടെ കഥയാണ് പിതാവിനും പുത്രനും എന്ന സിനിമയിലൂടെ താന്‍ പറഞ്ഞതെന്ന് സംവിധായകന്‍ ടി ദീപേഷ് ദേശാഭിമാനി ഒാണ്‍ലൈനിനോട് പറഞ്ഞു. രണ്ടു യുവതികളുടെ മനോവ്യവഹാരങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. മതത്തിനെതിരല്ല തന്റെ സിനിമ, മതത്തിനുള്ളിലെ തെറ്റായ പ്രവണതകളെ അത് ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍, ചിത്രം മതത്തിന് എതിരാണെന്ന് സംഘടിതമായി പ്രചരിപ്പിക്കുകയാണ് സഭ ഉള്‍പ്പെടെ ചെയ്തതെന്ന് ദീപേഷ് പറയുന്നു.

ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് 200ലേറെ കത്തുകള്‍ സെന്‍സര്‍ ബോര്‍ഡിന് ലഭിച്ചതായാണ് അവര്‍ അവകാശപ്പെടുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് സമര്‍പ്പിച്ച, മറ്റാരും കണ്ടിട്ടില്ലാത്ത ചിത്രത്തിനെതിരെ സംഘടിത നീക്കം നടന്നതായാണ് ഇത് വ്യക്തമാക്കുന്നത്. ദീപേഷ് പറഞ്ഞു. ആമിര്‍ ഖാന്‍ നായകനായ പികെ എന്ന ചിത്രം ഹൈന്ദവ വികാരത്തിന് എതിരാണെന്ന പേരില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സംഘപരിവാറുകാര്‍ 'പിതാവിനും പുത്രനും' സിനിമയുടെ നിരോധനം ചര്‍ച്ചയാക്കിയിരുന്നു.  നിലവില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി തീരുമാനിച്ചാല്‍ 'പിതാവിനും പുത്രനും' സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവും എന്ന് ദീപേഷ് ചൂണ്ടിക്കാട്ടി. അത്തരം ഒരു ശ്രമവും അവരുടെ ഭാഗത്തുനിന്ന് ഇല്ല. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ദീപേഷ് കൂട്ടിച്ചേര്‍ത്തു. 

ശക്തമായ സ്ത്രീപക്ഷ ആശയം ചര്‍ച്ച ചെയ്യുന്ന സിനിമ മതവികാരം വ്രണപ്പെടുത്തുമെന്ന പേരില്‍ മൂടിവെയ്ക്കപ്പെടുകയായിരുന്നു. പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലും 'പിതാവിനും പുത്രനും' ചര്‍ച്ച ആയിട്ടുണ്ട്. ഊഹാപോഹങ്ങളൂടെ പേരില്‍ ഒരു സിനിമ നിരോധിക്കുന്നത് ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ നഗ്നമായ ലംഘനമാണെന്ന് അഭിപ്രായം ശക്തമാണ്.

മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള 2014ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ (അങ്കുരം) സംവിധായകനാണ് ദീപേഷ്. ടൈപ് റൈറ്റര്‍, സേവ്, മുറിവ് തുടങ്ങി ശ്രദ്ധേയമായ ഹ്രസ്വ ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

No comments:

Post a Comment