Wednesday, April 18, 2018

ഗുലാം അലി പാടും, കേരളം മാതൃകയാണെന്ന്...

പി ആര്‍ ചന്തു കിരണ്‍Updated: Wednesday Jan 13, 2016
(http://www.deshabhimani.com/articles/when-ghulam-ali-sings-in-kerala/531133)



2003 ഡിസംബര്‍ 18 രാത്രിയില്‍ ശിവസേന പ്രവര്‍ത്തകര്‍ ന്യൂഡല്‍ഹി ആഗ്ര സ്പോര്‍ട്ട് ഗ്രൌണ്ടിന്റെ മതില്‍ തകര്‍ത്ത് അകത്തുകയറി പിച്ച് നശിപ്പിച്ചു. പിച്ച് കത്തിക്കാനായി പെട്രോള്‍ നിറച്ച കന്നാസുകളും കൈയില്‍ കരുതിയിരുന്നെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരെകണ്ട് വിരണ്ടോടിയതിനാല്‍ സാധിച്ചില്ല. 24ന് നടക്കാനിരുന്ന ഇന്ത്യയിലെയും പാകിസ്ഥാനിലെയും മുതിര്‍ന്ന കളിക്കാരുടെ മത്സരം തടയാനായിരുന്നു ശിവസേനയുടെ ഈ പരാക്രമം. കളിമുടക്കാന്‍ കളിക്കളം നശിപ്പിക്കുകയാണ് ശിവസേന സ്റ്റൈല്‍. ഈ സംഭവത്തിന് മുന്‍പും ശേഷവും ഇത്തരം പരാക്രമങ്ങളില്‍ 'വിജയം' കണ്ടിട്ടുള്ളവരാണ് ശിവസേന.

1991ല്‍ മുംബൈയില്‍ വാംഖെഡെ സ്റ്റേഡിയത്തില്‍ കുഴികുത്തി ഇന്ത്യ–പാക് പരമ്പര മുടക്കാന്‍ അവര്‍ക്ക് സാധിച്ചു. 1999 ജനുവരിയില്‍ പാകിസ്ഥാന്റെ ഇന്ത്യയിലേക്കുള്ള പര്യടനം മുടക്കാന്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ശിവസേന ആക്രമിച്ചു. സ്റ്റേഡിയത്തിലെ ബിസിസിഐ ഓഫീസ് തകര്‍ത്ത ശിവസേനാ പ്രവര്‍ത്തകര്‍ 1983 ലോകകപ്പ് ട്രോഫിയും കേടുവരുത്തി.

പാക് വിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ കളിക്കളത്തിന് അകത്തും പുറത്തും അവര്‍ പിന്നെയും തുടര്‍ന്നു. പാകിസ്ഥാന്റെ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരിയുടെ പുസ്തക പ്രകാശനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവര്‍ത്തകനും കോളമിസ്റ്റുമായ സുധീന്ദ്ര കുല്‍ക്കര്‍ണ്ണിക്കെതിരെ നടത്തിയ കരിമഷി പ്രയോഗവും ശിവസേന രാജ്യത്തിനുണ്ടാക്കിയ നാണക്കേടിന്റെ പട്ടികയില്‍ ഉള്‍പ്പെടും. 
                           
അതിനുശേഷം അവര്‍ ഗസല്‍ലോകത്തെ വിഖ്യാത ഗായകന്‍ ഗുലാം അലിയെ തേടിയിറങ്ങി. ഇന്ത്യന്‍ ഗസല്‍ സംഗീതജ്ഞന്‍ ജഗ്ജിത് സിങിനെ അനുസ്മരിക്കാന്‍  മുംബൈയില്‍ നടത്തുന്ന പരിപാടിയില്‍ ഗുലാം അലിയുടെ സംഗീതം ആവശ്യമില്ലെന്ന് ശിവസേന തിട്ടൂരമിറക്കി. പ്രതിഷേധങ്ങള്‍ പലതുണ്ടായെങ്കിലും ശിവസേന ഭീഷണി തുടര്‍ന്നു. ശിവസേന മുഖ്യ സഖ്യകക്ഷിയായ മഹാരാഷ്ട്രയിലെ ബിജെപി ഭരണം ഗുലാം അലിയുടെ പരിപാടിക്ക് സംരക്ഷണം ഉറപ്പുനല്‍കാനാവില്ലെന്ന നിലപാടാണെടുത്തത്. മുംബൈയില്‍മാത്രമല്ല പൂണെയിലെ അനുസ്മരണ പരിപാടിയിലും ഗുലാം അലിക്ക് പങ്കെടുക്കാനായില്ല.

സഹോദരതുല്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ജഗ്ജിത് സിങിന്റെ അനുസ്മരണ പരിപാടിയില്‍നിന്ന് ശിവസേനയുടെ കടുത്ത ഭീഷണിയുടെ പശ്ചാത്തലത്തില്‍  ഗുലാം അലി വിട്ടുനിന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഡല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കാനുള്ള ക്ഷണവും അദ്ദേഹം സ്വീകരിച്ചില്ല.

എന്നാല്‍ പുതുവര്‍ഷത്തില്‍ ഇന്ത്യയിലേക്ക് ഗുലാം അലി ക്ഷണിക്കപ്പെട്ടു. ആ ക്ഷണം ഉണ്ടായത് കേരളത്തില്‍നിന്നാണ്. ' ചാന്ദിനി കി രാത് ഗുലാം അലി കേ സാഥ്' (ഗുലാം അലിക്കൊപ്പം ചന്ദ്രികയുടെ രാവ്) എന്ന പേരില്‍ സ്വരലയ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം പാടും. ജനുവരി 15നു തിരുവനന്തപുരം നിശാഗന്ധിയിലും, 17നു കോഴിക്കോട്ട് ടാഗോര്‍ തീയറ്ററിലുമാണ് ഗസല്‍സന്ധ്യ. 14ന് തിരുവനന്തപുരത്ത് പൌരസ്വീകരണത്തോടെ ഗുലാംഅലിയെ കേരളം എതിരേല്‍ക്കും.  

ക്ളാസിക്കല്‍ സംഗീതത്തെ ഗസലുമായി സമന്വയിപ്പിച്ച ഗസല്‍ മാന്ത്രികന് മുന്നില്‍ രാജ്യാതിര്‍ത്തികള്‍ തടസമാവില്ലെന്ന പ്രഖ്യാപനമാണ് കേരളത്തില്‍ നിന്നുണ്ടായത്. കേരളത്തിന്റെ പ്രതിരോധ ശബ്ദത്തിന് കാതോര്‍ക്കാന്‍ സന്മനസുകാണിച്ച ഗുലാം അലി ക്ഷണം സ്വീകരിച്ചു. ഗുലാം അലിയുടെ ഇന്ത്യാ സന്ദര്‍ശനം ഉറപ്പായതോടെ കൊല്‍ക്കത്ത അദ്ദേഹത്തിന്റെ പരിപാടിക്ക് അവസരം തേടി. അങ്ങനെയാണ് 12ന് കൊല്‍ക്കത്ത നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഗുലാം അലിയുടെ ഗസല്‍ സന്ധ്യ അരങ്ങേറിയത്. കനത്ത സുരക്ഷയിലാണ് പരിപാടി നടന്നത്. 
1998 ല്‍ മുംബൈയില്‍ ഗുലാം അലിയുടെ സംഗീത പരിപാടിയുടെ വേദി കയ്യേറി ശിവസേന അക്രമികള്‍ പ്രതിഷേധിക്കുന്നു.


എന്നാല്‍, ഗുലാം അലിയുടെ സംഗീതത്തിനെതിരെ ബിജെപി നേതാവും ത്രിപുര ഗവര്‍ണറുമായ തഥാഗത റോയ് പാകിസ്ഥാന്‍ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി. ' പാകിസ്ഥാന്‍ ഗായകന്‍ ഗുലാം അലി കൊല്‍ക്കത്തിയിലെത്തി. ഭൂമിയില്‍ പാകിസ്ഥാന്റെ ക്രൂരതയ്ക്ക് ബംഗാളി ഹിന്ദുക്കളോളം വിധേയരായവരില്ല ' – എന്നാണ് തഥാഗത റോയ് ട്വിറ്ററില്‍ പ്രതികരിച്ചത്.

അതേ സമയം കേരളത്തില്‍ ശിവസേനയും ഭീഷണിയുമായി രംഗത്തെത്തി. ഗുലാം അലിയെ കേരളത്തില്‍ പാടിക്കില്ലെന്നാണ് ശിവസേനയുടെ ഭീഷണി. ഗുലാം അലിയുടെ ഗസല്‍നടക്കുന്ന വേദികളിലെത്തി പ്രതിഷേധിക്കും. രണ്ടുവേദികളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നുമാണ് ശിവസേന അറിയിച്ചത്. സംഗീത പരിപാടിക്ക് എതിരല്ലെന്നും പാകിസ്ഥാനെയാണ് എതിര്‍ക്കുന്നതെന്നും ശിവസേന സംസ്ഥാന നേതൃത്വം പറയുന്നു. ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് സംസ്ഥാന ഘടകത്തിനെന്നും അവര്‍ പറയുന്നു.

എന്നാല്‍, ദേശാന്തര കലാ സാംസ്കാരിക സൌഹൃദത്തിന്റെ ദീപ്തമായ പ്രതീകത്തെയാണ് ഗുലാം അലിയിലൂടെ കേരളം സ്വാഗതം ചെയ്തത്. ഒളിഞ്ഞും തെളിഞ്ഞും പ്രച്ഛന്ന വേഷത്തിലുമുള്ള വര്‍ഗീയ ശക്തികള്‍ക്ക് കീഴടക്കാനാവുന്നതല്ല ആ ജനസൌഹാര്‍ദ്ദത്തെ, കേരളത്തിന്റെ ഇടതുപക്ഷ മനസിനെ.

സമീപകാലത്ത് അത്തരം ജനകീയ പ്രതിരോധ ശക്തി വര്‍ഗീയ കോമരങ്ങള്‍ക്ക് കേരളം കാട്ടിക്കൊടുത്തിട്ടുള്ളതാണ്. ശ്രീദേവി എസ് കര്‍ത്തയുടെ പുസ്തക പ്രകാശന വേദിയിലോ, തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എസ്എഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച അധ്യാപിക ദീപ നിഷാന്തിനെ ഒറ്റതിരിഞ്ഞ് വര്‍ഗീയ വാദികള്‍ ആക്രമിച്ചപ്പോഴോ കണ്ട ചെറുത്തുനില്‍പ്പില്‍ മാത്രം ഒതുങ്ങുന്നതല്ല വര്‍ത്തമാനകാലത്തെ അത്തരം ഉദാഹരണങ്ങള്‍. 

'ഒടല കിച്ചു' (ഉള്ളിലുള്ള അഗ്നി) എന്ന പുസ്തകം രചിച്ചതിന് ഹൈന്ദവ ഭീകരര്‍ കൈവെട്ടാന്‍ ശ്രമിച്ച കര്‍ണ്ണാടകയിലെ ദളിത് എഴുത്തുകാരന്‍ ഹുഛംഗി പ്രസാദ് തനിക്കുള്ള പൊലീസ് സംരക്ഷണം ഒഴിവാക്കി സധൈര്യം വന്നത് കേരളത്തിന്റെ സംരക്ഷണയിലേക്കാണ്.

വര്‍ഗീയതയ്ക്കെതിരെ എഴുതിയതിന് ബലാത്സംഗം ചെയ്യുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നുമാണ് ചേതന തീര്‍ഥഹള്ളി എന്ന കര്‍ണ്ണാടക എഴുത്തുകാരിക്ക് നേരിടേണ്ടിവന്ന ഭീഷണി. തിരുവന്തപുരത്തു സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധത്തില്‍ ഹുഛംഗി പ്രസാദും ചേതന തീര്‍ഥഹള്ളിയും പങ്കെടുത്തു. സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിക്കുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ശ്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പിനുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യമായിരുന്നു അത്.  

ചേതന തീര്‍ഥഹള്ളിയും ഹുഛംഗി പ്രസാദും തിരുവനന്തപുരത്ത് ഫാസിസത്തിനെതിരെയുള്ള കൂട്ടായ്മയില്‍ പങ്കെടുത്തപ്പോള്‍ 

അനാചാരങ്ങള്‍ക്കെതിരെ നിരന്തരം പേരാടിയ പ്രമുഖ യുക്തിചിന്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍, കമ്യൂണിസ്റ്റ് നേതാവും ചിന്തകനുമായ ഗോവിന്ദ് പന്‍സാരെ, കന്നട സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറും എഴുത്തുകാരനുമായ ഡോ. എം എം കല്‍ബുര്‍ഗി എന്നിവര്‍ കൊലചെയ്യപ്പെട്ടതും വര്‍ഗീയതയ്ക്കും അന്ധവിശ്വാസത്തിനുമെതിരെ അവരെടുത്ത നിലപാടുകളുടെ പേരിലാണ്. ഇതേ നിലപാടിന്റെ പേരില്‍ നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് വര്‍ഗീയ വാദികള്‍ ഭീഷണി മുഴക്കിയിരിക്കുന്ന ചിന്തകന്‍ കെ എസ് ഭഗവാനും കേരളത്തിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയിരുന്നു. വെടിയുണ്ടകളെ ഭയപ്പെടുന്നില്ലെന്നും നിശബ്ദനാക്കാനാവില്ലെന്നും പ്രഖ്യാപിച്ചാണ് അദ്ദേഹവും മടങ്ങിയത്. ആശയങ്ങളെ കൊന്നു തള്ളാനാകില്ലെന്ന് വര്‍ഗീയവാദികളെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നതായിരുന്നു ഗോവിന്ദ് പന്‍സാരെയുടെ മകളും സാമൂഹിക പ്രവര്‍ത്തകയുമായ സ്മിതാ പന്‍സാരെയ്ക്ക് കേരളത്തില്‍കിട്ടിയ സ്വീകരണവും.

മാത്രമല്ല, രാജ്യത്തിന്റെ ഇരുണ്ട ഓര്‍മ്മയും വര്‍ഗീയ ശക്തികള്‍ക്ക് വിദ്വേഷത്തിന്റെ തീ പകരാനുള്ള ഉപാധിയുമായിരുന്ന ഗുജറാത്ത് വംശഹത്യയുടെ ഇരയേയും വേട്ടക്കാരനെയും ഒരേവേദിയിലെത്തിച്ച് മാനവികതയുടെ സന്ദേശം പകരുകയെന്ന ദൌത്യവും കേരളം നിറവേറ്റി. ആക്രോശങ്ങളുമായി വാളോങ്ങിനില്‍ക്കുന്ന അശോക് മോച്ചിയും നിറകണ്ണുകളോടെ ജീവനുവേണ്ടി കൈകൂപ്പിനില്‍ക്കുന്ന കുത്തുബ്ദീന്‍ അന്‍സാരിയും, ഒരു വ്യാഴവട്ടക്കാലം മനസുകളെ അലോസരപ്പെടുത്തിയ യാഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ കലാപങ്ങള്‍ക്കിപ്പുറം ഇരകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന തിരിച്ചറിവും മാനസാന്തരവും പുതിയ മനുഷ്യനാക്കിതീര്‍ത്ത മോച്ചി, അന്‍സാരിയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നതും കേരളത്തിന്റെ മണ്ണില്‍നിന്ന് ലോകം കണ്ടു. 'വംശഹത്യയുടെ വ്യാഴവട്ടം' എന്ന പേരില്‍ കണ്ണൂരില്‍ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഈ അപൂര്‍വ്വ സമാഗമത്തിന് വേദിയൊരുങ്ങിയത്.

അങ്ങനെയുള്ള കേരളത്തിന്റെ ക്ഷണം എങ്ങനെയാണ് ഗുലാം അലിക്ക് സ്വീകരിക്കാതിരിക്കാനാവുക. ' ലോകത്തെമ്പാടുമുള്ള ആരാധകരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യക്കാരോട്. അവരുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിപറയാന്‍ കഴിയില്ലെനിക്ക്. അവരില്ലായിരുന്നെങ്കില്‍ ഇത്ര പ്രശസ്തിയോ, എന്റെ ഗസലുകള്‍ക്ക് ഇത്ര ജനസമ്മതിയോ ഉണ്ടാവുമായിരുന്നില്ല' – ഗുലാം അലി ഒരിക്കല്‍ പറഞ്ഞു. 

2006ലാണ് ഗുലാം അലി ആദ്യമായി കേരളത്തിലെത്തിയത്. അന്ന് കോഴിക്കോട്ട് കടല്‍തീരത്ത് ഒത്തുകൂടിയ ആസ്വാദക ഹൃദയങ്ങള്‍ ആവോളം ആ ഗസല്‍ മധുരം നുകര്‍ന്നതാണ്. ഇന്ന് ഗുലാം അലിയെ കാത്തിരിക്കുന്നത് ഗസല്‍ ആസ്വാദകര്‍മാത്രമല്ല, മാനവികതയുടെ സംഘശക്തികൂടിയാണ്. അവിടെ വര്‍ഗീയതയുടെ ഭീഷണിക്ക് സ്ഥാനമില്ല. പിന്നെ ഗുലാം അലി പാടാതിരിക്കുവതെങ്ങനെ കേരളം മാതൃകയാണെന്ന്...

No comments:

Post a Comment