Wednesday, April 18, 2018

തൊഴില്‍ തേടിയുള്ള പലായനങ്ങള്‍ വരച്ച് കാട്ടി ഇന്‍ഡുര്‍ ഓ മാനുഷ്, 
നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ 21 വരെ

(http://www.deshabhimani.com/art-stage/news-art-and-stage-14-02-2017/623759)
കൊല്‍ക്കത്തയില്‍ നിന്ന് പി ആര്‍ ചന്തുകിരണ്‍  Tuesday Feb 14, 2017 

കൊല്‍ക്കത്ത > തൊഴില്‍ തേടിയുള്ള പലായനങ്ങള്‍ക്ക് മനുഷ്യരാശിയുടെ ഉല്‍പ്പത്തിയോളം പഴക്കമുണ്ട്.  പലായനം ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ ജീവിത ദുരിതവും അവര്‍ നേരിടുന്ന പ്രതിസന്ധികളും അനാവരണം ചെയ്ത പ്രമുഖ ബംഗാളി നാടക സംവിധായകന്‍ ദബാസിസ് ബിശ്വാസിന്റെ ഇന്‍ഡുര്‍  ഓ മാനുഷ് (ബംഗാളി നാമം) നാടകം മൂന്നാമത് നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം നേടി. അഭയം തേടി ഓടി ഒളിക്കേണ്ടിവരുന്ന നിഷ്കളങ്കര്‍ അനുഭവങ്ങളുടെ കഠിന കാലം താണ്ടി ഉറച്ച തീരുമാനങ്ങളിലേക്ക് സധൈര്യം നടന്നടുക്കുന്നത് നാടകം ചര്‍ച്ച ചെയ്യുന്നു.

എലിയും മനുഷ്യനും (of mice and men) എന്ന ജോണ്‍ സ്റ്റീല്‍ ബെക്കിന്റെ (John Steinbeck) അമേരിക്കന്‍ നോവല്‍ ഇതിവൃത്തമാക്കിയാണ് ദബാസിസ് ബിശ്വാസ് നാടകം ഒരുക്കിയത്. മിനര്‍വ നാട്യസംസ്കൃതി ചര്‍ച്ചാ കേന്ദ്രത്തിന്റെ (Minerva Ntayasanskriti Charchakendra) ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവലില്‍ നിറഞ്ഞ സദസ്സിനു മുന്നിലാണ് നാടകം അരങ്ങിലെത്തിയത്. 

ഫെബ്രുവരി 11 മുതല്‍ 21 വരെ രബീന്ദ്ര സദനില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ 18 നാടകങ്ങള്‍ അരങ്ങിലെത്തും. ആറ് ബംഗാളി നാടകങ്ങളും തമിഴ്നാട്, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 12 നാടകങ്ങളുമാണ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കുന്നത്.

സമര്‍ഥനും ധീരനുമായ ജോര്‍ജ് മില്‍റ്റണും മികച്ച കായബലമുള്ള ഭിന്നശേഷിക്കാരനായ ലെന്നി സ്മാളുമാണ് ദബാസിസ് ബിശ്വാസിന്റെ നാടകത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. ലെന്നിയുടെ സംരക്ഷകനായാണ് ജോര്‍ജ് പലപ്പോഴും നിലകൊള്ളുന്നത്. ലെന്നിക്കെതിരെ ഉണ്ടാവുന്ന വ്യാജ ലൈംഗിക ആരോപണം ഇരുവരേയും നാടുവിടാന്‍ നിര്‍ബന്ധിക്കുന്നു. ജോലി തേടി എത്തിപ്പെടുന്ന സ്ഥലത്ത് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍പുതിയ പാഠമാണ് നല്‍കുന്നത്. ഇവര്‍ക്കൊപ്പം ഈ കഥാപരിസരത്ത് വളരുന്ന മറ്റ് കഥാപാത്രങ്ങള്‍ ഏറെ സ്വപ്നങ്ങളും പ്രത്യാശയും വെച്ചു പുലര്‍ത്തുമ്പോള്‍ തന്നെ ഏകാന്തതയും അശക്തരാണെന്ന ചിന്തയും ഉളവാക്കുന്ന വിഹ്വലതകളില്‍ കഴിയുന്നവരാണ്. ജോര്‍ജിന്റെ ധീരമായ ഇടപെടലുകളെ ഇവര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.  അനിര്‍വചനീയമായ സ്വഭാവ സവിശേഷതയുള്ള ഒരു വ്യക്തി തന്റെ സാമൂഹിക ജീവിതത്തില്‍ ചുറ്റുപാടു നിന്നും നേരിടേണ്ടി വരുന്ന പ്രതിസന്ധികളും നാടകം  ചര്‍ച്ച ചെയ്യുന്നു. നാദിറ സഹീര്‍ ബാബര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നാടക പ്രവര്‍ത്തകരുടെ സാന്നിധ്യവും നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കുന്നുണ്ട്. 

No comments:

Post a Comment